sajith_satan

Soy feliz en este mundo

Grid View
List View
Reposts
 • sajith_satan 21w

  ഉള്ളിലുറങ്ങും ഓർമ്മകളൊക്ക
  ഉരുക്കിയതിനാലൊരു
  സ്മാരകം പണിയണം
  നഷ്ടജീവിതത്തിനായൊരു
  സ്മാരകം പണിയണം
  അതിൻ ശേഷമെനിക്കൊരു
  ഭ്രാന്തനാവണം
  ശിഷ്ടകാലം
  വെറുതെ ചിരിച്ചും
  പുലയാട്ട് ചൊല്ലിയും
  ഒടുക്കമില്ലാതൊടുങ്ങി
  തീരുവാൻ....




  ©sajith_satan

 • sajith_satan 25w

  അഭിനയം

  നമ്മുടെ നഗ്നത പുതച്ചു
  നമുക്കുറങ്ങീടാം
  നീ പ്രാണനായും ഞാൻ ദേഹമായും
  നമ്മിലേ ഓർമ്മകളെ മരവിപ്പിച്ചീടാം
  ഞാനും നീയുമൊരുനാൾ
  അന്യരാകും വരേ...

  ©sajith_satan

 • sajith_satan 28w

  ഉറക്കമാണ്

  ഉണരുവാൻ വയ്യ,
  ഉണർന്നെണീറ്റീയുലകിനെ
  നോക്കാനും വയ്യ

  എങ്ങും നിരാശമാത്രം നിഴലിച്ചോരീ ലോകത്ത്
  കണ്ണുനീർ പാടുകൾ മായാത്ത മുഖങ്ങളും
  ക്രോധവും കാമവും നിറച്ചു കവലയിൽ
  പെണ്ണുടൽ തേടിയലഞ്ഞു നടക്കുന്ന കൺകളും ,
  ആയുധമേന്തിയോരായിരം കരങ്ങളും


  ഇരുട്ടു മാത്രമല്ല
  ഈ ഉച്ചവെയിൽ പോലും നിന്റെ
  ശത്രുവാണു പെണ്ണേ എന്നുച്ചത്തിലലറി
  വിളിക്കുവാനും,
  കറുത്ത മഷിപ്പേന കൊണ്ടൊരു
  കവിതഎഴുതി ആത്മനോമ്പരങ്ങളെ തുറന്നു കാട്ടുവാനും വയ്യ,
  ഉറക്കമാണ് നല്ലത്

  കാക്കയും പൂച്ചയും തെരുവുപട്ടിയും
  ഭിക്ഷാടകനും
  ചേർന്നൊരുമിച്ചുറ്റുനോക്കുന്നു എച്ചിൽ കൂനയിൽ ഒരു പൊതിചോറിൻ
  ഉച്ചിഷ്ടത്തിനായ്

  രക്തത്തിനേതു നിറമെന്നറിയാൻ
  കൂട്ടുകാരന്റെ കഴുത്തറുത്തു
  നോക്കുന്നു ചിലർ
  അരുതെന്നു പറഞ്ഞു തടയുവാൻ വയ്യ
  ഇന്നടിമയാണെന്റെ നാവും കരങ്ങളും

  പലവർണ്ണ കൊടികൾ പാറുമീകവലയിൽ
  കഴുകൻ കാത്തു കിടക്കുന്നു
  വെട്ടേറ്റു വീഴും കബന്ധത്തിൽ നിന്നൊരു പിടി
  പച്ചമാംസം കൊത്തി പറിക്കുക്കുവാൻ

  ഉറക്കമില്ലെങ്കിലും ഉറക്കം നടിച്ചുഞാൻ
  സ്വയം ബന്ധിതനായ് മലർന്നു കിടക്കുന്നു
  ഉറക്കമാണ് നല്ലത്
  ഒന്നുമറിയാതെയീ നാല് ചുവരുകൾക്കുള്ളിൽ
  ഉറക്കമാണ് നല്ലത്...

  ©sajith_satan

 • sajith_satan 29w

  പൂർണ്ണത...

  എന്നിലപൂർണ്ണമായതെന്തോ
  പൂർണ്ണമാക്കുവാൻ ഞാൻ
  തിരസ്കരിച്ചതെന്റെ ജീവിതം
  തന്നെയായിരുന്നു
  പൂർണ്ണമാക്കിയതിനെയും നഷ്ടമായൊരാ
  ജീവിതത്തേയുമിനി
  നഷ്ടപ്രണയമെന്നീണത്തിൽ വിളിച്ചിടാം

  ©sajith_satan

 • sajith_satan 33w

  നഷ്ടമാവും എന്നോർത്ത് കഴുത്തറക്കുന്നതാണോ പ്രണയം?

  നഷ്ടമായതോർത്തു ദുഃഖിക്കുന്നണോ പ്രണയം?

  കിട്ടിയെന്നോർത്ത് കിടപ്പറ പങ്കിടുന്നതുമല്ല
  പ്രണയം!
  ©sajith_satan

 • sajith_satan 34w

  ഒളിഞ്ഞിരുന്നയെന്നിലെ ഓർമ്മകൾ
  തിരികെ വരാൻ
  ഞാൻ ഒളിവിലാകുംവരെയവ
  കാത്തിരുന്നു

  ©sajith_satan

 • sajith_satan 35w

  മദ്യം...

  മത ലഹരിയെക്കാളെന്റെ
  സിരകളെ ഉന്മാദിപ്പിക്കുന്നതെന്നും
  മദ്യത്തിന്റെ ലഹരികളാണ്
  മദ്യത്തിനു മതവുമില്ല
  മതത്തിലോ മദ്യപാനിക്ക് സ്ഥാനവുമില്ല..

  ©sajith_satan

 • sajith_satan 36w

  യാദൃശ്ചികതയുടെ മുഖം മൂടിയിട്ടുവരും
  മരണമേ നിന്നെ
  യഥാർത്യമെന്നല്ലാതെ വേറെന്തു
  ഞാൻ ചൊല്ലേണ്ടൂ

  ©sajith_satan

 • sajith_satan 39w

  യാത്രാമൊഴി...

  കരിന്തിരികത്തിയാ വിളക്കണഞ്ഞു
  എന്റെ നെഞ്ചിലേ കനവുകളിരുളണഞ്ഞു
  ഇനിയെന്നു കാണുമെന്നറിയാതെ
  നേരുന്നു ഞാൻ പ്രിയേ യാത്രാമൊഴി

  വഴിതെറ്റിവന്ന നിൻ കാലടി പാടുകൾ
  ഇരുൾ വഴിയിലെവിടെയോ മാഞ്ഞു പോയി
  നിന്റെ കിളിനാദമെങ്ങോ അകന്നുപോയി

  ഒരുവട്ടം കൂടി നിൻ കിളികൊഞ്ചൽ കേൾക്കുവാൻ
  കാത്തിരിപ്പാണു ഞാൻ ഏകനായി
  വിജനമാമെന്റെയീ കുരിരുൾ പാതയിൽ
  കൂട്ടിനായി വെറും നഷ്ടബോധത്തിൻ
  നരിച്ചീറുകൾ മാത്രം

  ആയിരം കനവുകൾ കണ്ടെങ്കിലും നമ്മൾ
  ആയിരം കാതമായ് അകന്നതെന്തേ
  ഒന്നും പറയാതെ നീ സ്വയമകന്നതെന്തേ

  വേദനനൽകി നീ വേർപിരിഞ്ഞെങ്കിലും
  വേർപിരിയില്ല നിൻ ഓർമ്മകളെന്നിൽ
  വേർപിരിയില്ല നിൻ ഓർമ്മകളെന്നിൽ

  ©sajith_satan

 • sajith_satan 41w

  യാത്ര...

  പാപഭാരത്താൽ ചീർത്തശരീരവും
  കുറ്റബോധത്താൽ മരവിച്ച മനസ്സും
  പേറി ദിശയറിയാതലയുമീ
  പഥികന്
  പ്രണയവും ഈ ജീവനും വെറും
  ദുർ സ്വപനങ്ങൾ മാത്രം

  സ്വാർത്ഥതമാത്രം നിറച്ച മനസ്സുമായ്
  പുറമെ കരഞ്ഞുള്ളിൽ ചിരിച്ചും,
  കപടവേഷം കെട്ടി കയ്യടി
  നേടി പിന്നിട്ട കാലത്തെന്നിലെ
  ഓരോ രാത്രികൾക്കും
  ഓരോ ദുർഗന്ധങ്ങളായിരുന്നു
  വിശപ്പിന്റെ,
  നിരാശയുടെ,
  നഷ്ടങ്ങളുടെ
  ദുഷിച്ച കാമത്തിന്റെ
  അനുഭൂതി നൽകിയകന്നു
  പോയൊരായിരം
  നിശാസ്വപനങ്ങളുടെയും
  ദുർഗന്ധങ്ങൾ
  സുഗന്ധതൈലം പൂശി
  വിശുദ്ധനായ്
  തിരികെ നടക്കാൻ കൊതിയില്ല
  മനസ്സിനു ത്രാണിയുമില്ല
  അകലുന്നു ഞാനീ മണ്ണിൽ നിന്നകലേക്ക്
  എന്റെ ജീവിതം പുസ്തകം
  നിങ്ങളിൽ അർപ്പിച്ചു കൊണ്ട്
  ഏകനായ് ഏകാന്തതയിലേക്ക്....


  ©sajith_satan