ഇഷ്ടക്കേടുകൾ
പെണ്ണിനെ റോസാപ്പൂവിനോടും പൂമ്പാറ്റയോടും ഇളം കാറ്റിനോടും താരതമ്യപ്പെടുത്തുന്നതെനിക്കിഷ്ടമില്ല. കൊടുങ്കാറ്റായ പെണ്ണിനെ വരച്ചിടാൻ കാണിക്കാത്ത താത്പര്യങ്ങളെനിക്കിഷ്ടമല്ല.
കിടക്കയിലെന്നും പെണ്ണിൻ്റിടം പുരുഷനു കീഴിലെന്നു കളിയാക്കിച്ചിരിക്കുന്ന കഥപറച്ചിലുകളെനിക്കിഷ്ടമല്ല.
ഉറക്കെ സംസാരിക്കുന്ന പെണ്ണിൻ്റെ വാക്കുകെട്ടി വയ്ക്കുന്ന രാഷ്ട്രീയമെനിക്കിഷ്ടമല്ല.
ഇറങ്ങിപ്പോകാനനുവദിക്കാതെ പെണ്ണിനെ തിരിച്ചയക്കുന്ന ഇരുളിൻ്റെ സദാചാരമെനിയ്ക്കിഷ്ടമില്ല.
ഋതുമതിയായ പെണ്ണിൻ്റെ നനഞ്ഞ തുണിയിലെ ചോര ചുമന്ന കുങ്കുമ ദളമായെഴുതിത്തീർക്കുന്ന ആങ്ങളമാരെയെനിക്കിഷ്ടമല്ല.
പെണ്ണിനെയളക്കാൻ പൊന്നിട്ടു തൂക്കിയ കരാറുകാരുടെ താലിമാഹാത്മ്യമെനിയ്ക്കിഷ്ടമല്ല.
പെണ്ണിനെ ആണാക്കിപ്പോറ്റിയതിൽ കേമം പറയുന്ന വിടുവായത്തമെനിക്കിഷ്ടമല്ല.
ഇഷ്ടക്കേടൊരുപാടുള്ളതെഴുതി മുഴുമിപ്പിക്കാതെ പാതി മുറിഞ്ഞ പെണ്ണായിരിക്കാനെനിക്കിഷ്ടമല്ല.
©akashamittayi
-
akashamittayi 46w