Shankarkrishnan
-
shankarkrishnan 14w
പണ്ടെങ്ങാണ്ടോ അച്ഛൻ കണ്ടത്തിൽകൂടി നടന്ന് വന്നപ്പോ ചെളീന്ന് കിട്ടിയതാണ് അവളെ..
അവളോ അവനോ അതൊന്നും അന്ന് അറിയാൻ പാടില്ല.അന്ന് അവള് കുഞ്ഞാണ് കുഞ്ഞെന്ന് പറഞ്ഞാൽ തീരെ പൊടി.പൂച്ചയ്ക്ക് കൊടുത്താ പോലും തിന്നില്ല എന്ന് വന്നപ്പോ പിടിച്ചു കിണറ്റിലിട്ടു.
ഇടുംമുന്നേ കിണറ്റിന്റെ വക്കത്ത് വച്ച് ഞാൻ അവളെ കണ്ടതോർക്കുന്നുണ്ട്.മേല് മുഴുവൻ മഴവില്ല് പോലെ അങ്ങ് തെളങ്ങുവാ.. സത്യം!!
വെയിലടിച്ചപ്പോ മേല് മൊത്തോം തെളങ്ങി.കൊറേ നിറങ്ങൾ പച്ച ചോപ്പ്... പിന്നെ എനിക്ക് പേരറിയാത്ത കൊറേയെണ്ണം.
അവള് ഇവിടുന്ന് എല്ലാം തിന്നുവായിരുന്നു. എന്നതാ തിന്നാത്തത്, ചോറും മോരും, മീനും മുള്ളും, ചേമ്പും താളും ഒക്കെ തിന്ന് പെണ്ണ് പെട്ടന്നങ്ങ് ചീർത്തു.കിണറ്റിൽ കിടന്ന് മറിയാനും തിരിയാനും തൊടങ്ങി.
അവളെ കാണാൻ കൂട്ടര് ഒത്തിരി വന്നു. പെണ്ണ് സുന്ദരിയാണല്ലോ!!
നല്ല ഒച്ച നല്ല ബഹളം!!
ഒച്ചപാടും ബഹളോംമൊക്കെ പെട്ടന്ന് തീർന്നു.
പിന്നെ കൊറേ കാലം അവൾ അവിടെയുണ്ടെന്ന് പോലും ആരും ഓർത്തില്ല. എല്ലാരും അവളെ മറന്നു.ഇടക്ക് കിണറ് വറ്റി. അന്നവൾ മണ്ണിന് അടീൽ കെടന്ന് കാണും.
പിന്നെ ഇന്നാള് ഒരു മുടിഞ്ഞ മഴക്കാലത്ത് കിണറ് നിറഞ്ഞു.ആരോടും ചോദിക്കാതെ പെണ്ണ് പുറത്ത് ചാടി.
അവൾക്ക് പണ്ടത്തെ തെളക്കമില്ല.. മറിച്ചിലില്ല പിടച്ചിലില്ല.. എങ്ങോട്ടാന്ന് പോലും അറിഞ്ഞൂടാ അവള് പോയ്കളഞ്ഞു!!
അന്നെനിക്ക് തോന്നി അവളൊരു പെണ്ണായിരിക്കുമെന്ന്. ഉറപ്പില്ല
അവള് ചെലപ്പോ പെണ്ണായിരിക്കും
ചെലപ്പോ!!