nithyaji

നിയോഗം ��

Grid View
List View
Reposts
 • nithyaji 3w

  വാക്കുകൊണ്ടു മുറിഞ്ഞാൽ ഉള്ളിൽ ചോര പൊടിയും. എനിക്കതു നന്നായിട്ടറിയാം. വല്ലാതെ ദേഷ്യം വരുമ്പോ ഞാൻ പരിസരങ്ങളോടു കലഹിക്കും. മനുഷ്യരോടല്ല, എന്തുപറഞ്ഞാലും കൂസലില്ലെന്ന് ഉറപ്പുള്ളതിനോട്... കാറ്റത്തു വലിച്ചടഞ്ഞ വാതിലുകളോട്, ജനാലകളോട്, കരഞ്ഞു ബഹളം കൂട്ടുന്ന കാക്കകളോട്, വച്ചാൽ വച്ചിടത്തു കാണാത്തത്തിനോടൊക്കെയും!
  സങ്കടങ്ങളുടെ മഴക്കാറ് മൂടുമ്പോ എനിക്ക് ഒളിച്ചോടാനറിഞ്ഞുകൂടാ. നനയുക തന്നെവേണം. ഓർമ്മകളുടെ തിരയിളക്കങ്ങളിൽ മുങ്ങിനിവരണം. നനവുണങ്ങും വരെ കാറ്റേൽക്കണം.

  ഉള്ളാകെ സന്തോഷം നിറയുമ്പോഴൊക്കെ കുഞ്ഞിനെപ്പോലെ ചിരിക്കണം. പ്രണയഗാനങ്ങൾക്ക് കാതോർക്കണം. എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാള സിനിമകൾ തിരഞ്ഞുപിടിച്ചു കാണണം. കഴിഞ്ഞ കാലങ്ങളെ അവ എത്ര മനോഹരമായി സൂക്ഷിച്ചു വച്ചിരിക്കുന്നെന്ന് അത്ഭുതംകൂറണം. പ്രിയപ്പെട്ട പുസ്തകത്തിന്റെ താളുകളിൽ നിന്ന് പ്രിയപ്പെട്ടൊരു വരി തിരഞ്ഞുപിടിച്ചു അതിന്റെ ആഴങ്ങളെ മിഴിപൂട്ടി അറിയണം.
  സ്നേഹത്തിന്റെ തിരയിളക്കങ്ങളിൽ പ്രിയപ്പെട്ട മനുഷ്യരുടെ മുഖങ്ങളെ, നനവൂറുന്ന വാക്കുകളെ ഓർത്തോർത്ത് കണ്ണുനിറയണം.
  ആകുലതകളുടെ ഞണ്ടിറുക്കങ്ങളിൽ ഉറക്കെപ്പാടണം.

  ഇടയ്ക്ക് വല്ലപ്പോഴും എഴുതണമെന്നു തോന്നുമ്പോൾ അറിയാവുന്ന അക്ഷരങ്ങളിൽ മനസ്സു കുറിച്ചുവയ്ക്കും. ശാന്തമായ സന്ധ്യകളിൽ അൽപനേരം ആകാശം നോക്കി മൗനമാകും.
  എല്ലാ നിറമില്ലായ്മകളുടെയും ഇടയിൽ ജീവിതത്തിന് എവിടെയോ പച്ചപ്പുള്ളതുപോലെ തോന്നും. യാന്ത്രികതകളുടെ ഇടയിൽ അതിന്റെ ചലനങ്ങൾക്ക് ഏതോ വശ്യതയുള്ളതുപോലെയും.
  ©nithyaji

 • nithyaji 3w

  ചിലനേരം ഈ ആകാശം എന്റേതല്ലെന്നു തോന്നും.
  പകലുകളുടെയും രാത്രികളുടെയും തീരങ്ങളിൽ
  അപരിചിതയെപ്പോലെ നടന്നു വലഞ്ഞ്
  ഒടുവിൽ കരയ്ക്കടിഞ്ഞ ഒരു സായാഹ്നത്തിൽ
  ആകാശം നോക്കി ഇരിക്കുമ്പോൾ
  എന്റെ കണ്ണിൽ കടൽമീനുകൾ തുടിയ്ക്കാറുണ്ട്.
  ©nithyaji

 • nithyaji 4w

  ഞാനെന്റെ ഹൃദയത്തെ ശാന്തമാക്കുകയാണ്. ഇന്നലകളിലെ നഷ്ടങ്ങൾ അതിനെ നോവിക്കുന്നില്ല. അമിതപ്രതീക്ഷകളൊന്നും അതിനെ ഭാരപ്പെടുത്തുന്നുമില്ല.
  എന്റേതെന്ന പിടിച്ചുവയ്ക്കലുകളോ തേടിപ്പിടിക്കലുകളോ ഇല്ലാതെ, ഒന്നിനോടും പരാതികൂടാതെ സ്വസ്ഥമായ്...
  എല്ലാ അലച്ചിലുകളും അല്പം വിശ്രമം അർഹിക്കുന്നുണ്ടാവണം.

  ഇപ്പോഴെനിക്കറിയാം, വിശ്രമിക്കുക എന്നാൽ വന്നവഴികളെയും എത്തേണ്ട ഇടങ്ങളെയും മറന്നുകളയലല്ലെന്ന്. അത് ഈ നിമിഷത്തിന്റെ ധന്യതയിലിരുന്ന് കടന്നുപോയതിനെയും വരാനിരിക്കുന്നതിനെയും കൃതഞ്ജതാപൂർവ്വം ധ്യാനിക്കലാണ്.

  കൃതജ്ഞതയുടെ വിളഭൂവിലാവണം
  എല്ലാ സുകൃതങ്ങളും മുളയെടുക്കുന്നത്.
  ©nithyaji

 • nithyaji 8w

  എന്റെ ഇല്ലായ്മകൾ നിന്റെ സമ്പന്നതയുടെ ആഴമറിയാൻ ഇടയാക്കുന്നതിനാൽ...
  എന്റെ ദാരിദ്ര്യങ്ങളെപ്രതി
  സ്നേഹമേ നിനക്കു സ്തുതി.
  ©nithyaji

 • nithyaji 8w

  എന്റെ മറവിടമേ
  ഹൃദയരഹസ്യങ്ങളുടെ വെളിച്ചമേ
  പകലിരവുകളിൽ കാവലേ
  നിനക്കു സ്തുതി.
  ©nithyaji

 • nithyaji 9w

  എത്രയാവർത്തി എഴുതാനും പറയാനും ശ്രമിച്ചിട്ടും വാക്കുകൾക്കു ഇനിയും പിടിതരാത്ത കഥകൾ...
  അതിന്റെ ഭാഷയെന്താവും! മൗനങ്ങൾക്ക് അതിനെ പകർത്തിയെഴുതാൻ കഴിഞ്ഞേക്കുമോ? ഹൃദയമിടിപ്പുകൾക്ക്? ശ്വാസോച്ഛ്വാസങ്ങൾക്ക്? മിഴികൾക്ക്? സ്പർശനങ്ങൾക്ക്...?
  അത്ര മെനക്കെട്ട് അതിന്റെ പൊരുളു ചികയാൻ ആരെങ്കിലും തുനിഞ്ഞെന്നു വരുമോ!
  ആർക്കറിയാം.
  ©nithyaji

 • nithyaji 11w

  ഇടയ്ക്കൊക്കെ മനസ്സ് എത്തിച്ചേരാറുള്ള നിർവികാരമായ ഒരു നിശ്ചലതയുണ്ടല്ലോ. അതിൽ നിന്നും വീണ്ടെടുക്കപ്പെടുന്നത് അത്ര പ്രിയപ്പെട്ട മനുഷ്യരുടെ ചിരികളും, കൊച്ചു വർത്തമാനങ്ങളും കൊണ്ടൊക്കെയാണ്. ചിലരുടെ സൗമ്യമായ സാന്നിധ്യങ്ങൾ പോലും ഹൃദയത്തിൽ ഓളങ്ങളുണ്ടാക്കുന്നുണ്ട്.

  ഒന്നോർത്താൽ എത്ര മനുഷ്യരുടെ കനിവാണ്
  ജീവിതത്തിന്റെ തുടിപ്പുകളിലും ചലനങ്ങളിലും അലിഞ്ഞുചേരുന്നത്.
  ©nithyaji

 • nithyaji 11w

  എവിടേയ്ക്കും പൊയ്ക്കൊള്ളുക,
  എത്ര ദൂരേയ്ക്കും.
  പ്രഭാതത്തിലെ കുളിർക്കാറ്റിനു കൂട്ടുപോവുക, ഓർമ്മകളുടെ കയറ്റിറക്കങ്ങളിൽ
  കുഞ്ഞിനെപ്പോലെ ചിരിച്ചുകൊണ്ട് പായുക,
  തട്ടിവീഴുമ്പോൾ ഉച്ചത്തിൽ പൊട്ടിക്കരയുക.
  ഉള്ളു കലങ്ങുമ്പോൾ ഒരു കടലു കാണുക,
  ചിരി മറക്കുമ്പോൾ ആകാശത്തോട്
  ഒരു മഴ ചോദിച്ചു വാങ്ങുക.
  സായന്തനങ്ങളിൽ വല്ലപ്പോഴും ഈ വഴി വരുക.
  ഒരു ചായ ചുംബിച്ചു തീരുവോളം നേരം എനിക്കൊപ്പമിരിക്കുക.
  വെറുതെ...
  ©nithyaji

 • nithyaji 14w

  ഉറക്കം കളവുപോയ രാത്രികളിൽ
  നീ കടം തന്ന കവിതകളൊക്കെയും
  കേടുകൂടാതെ ഞാൻ മടക്കി തന്നിട്ടുണ്ട്.

  അതിൽ നീയൊളിപ്പിച്ച കിനാവുകളിൽ
  ഒന്നുപോലും ഞാൻ കട്ടെടുത്തിട്ടില്ല,
  മൗനങ്ങളെ തൊട്ടുനോവിച്ചിട്ടില്ല.

  എന്നിട്ടും,
  നിന്റെ വരികളുടെ മഴത്തണുപ്പ് മാത്രം
  ഇനിയുമിവിടെ ബാക്കിയാണ്.
  ©nithyaji

 • nithyaji 14w

  തോറ്റുപോയവന്റെ വേദനകളെ സാരമില്ലെന്നു സാന്ത്വനിപ്പിക്കുന്നവർ,
  അറിവില്ലായ്മകളെ പരിഹാസം കൂടാതെ തിരുത്തുന്നവർ,
  ഏറ്റുപറച്ചിലുകളെ കുറ്റപ്പെടുത്തലുകളില്ലാതെ കേൾക്കുന്നവർ,
  ഹൃദയപൂർവ്വം ക്ഷമിക്കുന്നവർ....
  നോക്കൂ, ഈ എളിയ മനുഷ്യരുടെ മിഴികളിൽ, വിരൽത്തുമ്പുകളിൽ, പ്രത്യാശയുടെ ദൈവം വസിക്കുന്നുണ്ട്.
  ©nithyaji