haritha_h

എഴുത്തിടം

Grid View
List View
 • haritha_h 32w

  Word Prompt:

  Write a 6 word one-liner on Forward

  Read More

  താളവട്ടത്തിന്റെ പിടിമുറുക്കത്തിൽ ഉറഞ്ഞുപോയ മഞ്ഞുകണം.. ഞാൻ

 • haritha_h 61w

  ..... വരൾച്ച....
  നിഴൽകൂത്തിന്റെ താളവട്ടം മുറുകിവന്നു,
  ഉയിരുണക്കത്തിനു മുമ്പുള്ള നാലാംകാലം.
  ഞൊറിവീണ ചെഞ്ചൊടിയിൽ ചോരപൊടിയുന്നുണ്ട്, നരവീണ തലമുടിയിൽ ഓർമ്മകൾ നുരക്കുന്നുണ്ട്,
  ജലഞ്ഞരമ്പുകൾ വറ്റി,ഉണക്കത്തിന്റെ ചൂടേറ്റ്‌ ഓടി ഉരുളുന്ന വണ്ടിചക്രം പോൽ ചുരുണ്ടുകൂടി.
  പടിയിറങ്ങിപോയ ഗഗന ചാരിയെ തിരികെ വിളിച്ചു, മൃദുതലങ്ങളിലടങ്ങാത്ത ആളലുകളൊടുക്കാൻ, കൊഴിഞ്ഞുപോയ ഹേമന്തം തിരികെ എത്തിക്കാൻ.
  നീരുറവവറ്റിയ കൺകുഴികളിൽ വീണുകിടന്ന നിലാവിന്റെ ചോര കണ്ണുനീരായി വാർന്നൊഴിഞ്ഞു.
  അമൃതൊഴുകിയ മുലക്കണ്ണുകൾ വിണ്ടുകീറി ചാലുവറ്റി,
  വിത്തുകൾ ഗർഭപാത്രത്തിന്റെ അന്ധകാരത്തിൽ എരിഞ്ഞമർന്നു,
  മുല്ലവിതറിയ പുൽമെത്തയിൽ പരസ്പരം പെയ്തൊഴിഞ്ഞ ആ രാത്രിയെ ഏകാന്തതയ്ക്കു കൂട്ടുപോകാനയച്ചു.
  ചുംബനങ്ങളുടെ ഓളംവെട്ടലുകൾ വറ്റിവരണ്ട യൗവനകാഴ്ചകളെ ചായംമുക്കി.
  ശബ്ദങ്ങൾ അടഞ്ഞുപോയി, ഓർമ്മകൾ മായ്ഞ്ഞുപോയി.
  ചുടലക്കാടുകളിൽ എരിഞ്ഞുതീർന്ന ഉണക്കയിലക്കൂട്ടങ്ങൾ കരഞ്ഞുപാടികൊണ്ടിരുന്നു.
  പ്രണയം വരണ്ട ഭൂമികയാകുന്നു ഞാൻ..
  യൗവ്വനഭൂമികയിലെ വരൾച്ചയാകുന്നു വാർദ്ധക്യം.. അതിനാൽ വിണ്ടുണങ്ങി വറ്റിയ ജലരേഖകളാകുന്നു ഞാനും നീയും.....
  ©haritha_h

 • haritha_h 78w

  .

  നീ എന്നിലൂടെ അരിച്ചിറങ്ങിയതിന്റെ വേദനയാണ് ഇന്നെനിക്ക് വക്കാലത്ത് പറഞ്ഞത്...
  നീ പിഴുതെറിഞ്ഞ ദളങ്ങൾ തുന്നിച്ചേർക്കപ്പെടാതെ പോയതാണ് ഇന്നെനിക്ക് സാക്ഷി പറഞ്ഞത്...
  പക്ഷേ, ആ കോടതിമുറിയിൽ ഒറ്റക്കുയിൽപ്പാട്ടായി എന്റെ പാട്ട് മുഴങ്ങിക്കൊണ്ടിരുന്നു...
  വീണ്ടും നീ ചാലുകീറി എന്നിലൂടൊഴുകുമ്പോൾ
  നിന്റെ ആഴങ്ങളിൽ എനിക്ക് രാപ്പാർക്കണം...
  ഓർമകളുടെ കൂട്ടിൽ നിന്നും പൊട്ടിപ്പോയ പാട്ടുകൾ പെറുക്കിയെടുക്കണം...
  ഒടുവിൽ നിന്റെ ആഴങ്ങളിൽ അലിഞ്ഞുചേരണം...
  നീ കടം തന്ന ഓരോ ചുംബനങ്ങളും ചൂട് ചോരാതെ നിനക്ക് തിരികെ നൽകണം...
  നീ കൈയ്യിലൊതുക്കിയ എന്റെ ഓരോ അവയവങ്ങളും മുറിവേൽക്കാതെ തിരികെ നൽകണം...
  എന്നിട്ട് തീണ്ടാപ്പാടകലെ എന്റെ മുടിയിഴ മുളച്ചു പൊന്തുന്നുണ്ടോന്ന് നോക്കണം...
  ഉണ്ടെങ്കിൽ... അത് വരിഞ്ഞുമുറുക്കി നിന്നെ കൊല്ലുന്നതു വരെ നീ എന്റെ ശ്വാസം ശ്വസിച്ചുകൊള്ളുക...
  ഒടുവിൽ നീ കടമെടുത്ത എന്റെ അവസാന ശ്വാസത്തിനും ചില്ലറകൊടുത്ത് മടക്കി അയക്കണം..
  എന്നിട്ട്.. നിന്റെ കല്ലറ നോക്കി ഒന്ന് ചിരിക്കണം... മതിമറന്ന്....
  ©haritha_h

 • haritha_h 90w

  ഉടല്

  ദിവസങ്ങൾക്ക് യുഗങ്ങളുടെ ഘനം വയ്ക്കുന്നത് എന്തുകൊണ്ടാണ്?
  ദൂരങ്ങൾക്കും വെളിച്ചമെത്താത്ത ആഴങ്ങളുണ്ടെന്ന് തോന്നുന്നത് എന്തുകൊണ്ടാവാം?
  സമയങ്ങൾക്ക് മരണമുണ്ടെന്ന് സ്വപ്നം കണ്ടത് എന്തിനാലാവാം?
  ശബ്‌ദിച്ചപ്പോൾ നിശബ്ദമായത് എന്താണ്?
  ഇവിടെ ഉദിക്കുമ്പോൾ അവിടെ അസ്തമിക്കുന്നതെന്താണ്?
  മഴപെയ്യുമ്പോൾ വേനൽകാറ്റ് തഴുകാൻ കൊതിക്കുന്നത് എന്തിനാണ്?
  അടുത്തപ്പോൾ അകന്നത് എന്തുകൊണ്ടാണ്?
  നിറഞ്ഞപ്പോൾ വറ്റിയത് എന്തിനാലാണ്?
  വിടർന്നപ്പോൾ വാടിയത് എന്തിനാണ്?
  ഉറവയൊലിച്ചിറങ്ങിയ ചോദ്യങ്ങൾ ചങ്ങലകൊണ്ട് ബന്ധിച്ചു, ഇരുട്ടുമുറിക്ക് ഉത്തരസൂചിക നൽകി, നക്ഷത്രങ്ങൾക്ക് കഥ പറഞ്ഞുകൊടുത്തു, തെരുവിന്റെ നിഴലിൽ കവിത ചാലിച്ചെഴുതിവച്ചു...രാവിന്റെ ഉടലിനേറ്റ മുറിവുണങ്ങാൻ കത്തിച്ചുവച്ച റാന്തൽ കെടുത്തി.. എന്നിട്ട് പറഞ്ഞു... ഉടലിന് കിലോ നൂറ്റൻമ്പത് രൂപ... അൻപതു പൈസ...

  ©haritha_h

 • haritha_h 94w

  ഇരുട്ടിന്റെ വിശപ്പിന് ഇരുകാലികൾ മറ പിടിച്ചു.
  നിന്റെ ആത്മാവിന്റെ രുചി എന്നെ മത്തുപിടിപ്പിക്കുന്നു.....
  ചിതലുകൾ കുത്തഴിച്ച പുസ്തകത്താളുകൾ
  ഇന്നിന്റെ അന്ധതയ്ക്ക് വെട്ടം പകരുന്നു.
  നിന്റെ അധരങ്ങളുടെ ചുമപ്പ് എന്റെ ഭ്രാന്തിന്റെ നിറമാക്കി...
  അകലെയൊഴിഞ്ഞ അരളിക്കാടുകളിൽ പടം പൊഴിഞ്ഞ ശംഖുവരയൻ വിഷംതീണ്ടി ചത്തുകിടന്നു...
  ഗർഭപാത്രത്തിന്റെ ആഴങ്ങളിൽ ഇരുട്ടിന്റെ വിശപ്പ് വളർന്നുകൊണ്ടേയിരുന്നു...
  ©haritha_h

 • haritha_h 98w

  കണ്ണുകൾക്ക് ജീവൻ വച്ചപ്പോൾ ദൂരെ ഏതോ ഒരു ഗ്രാമത്തിലാണ്...
  കിഴക്കൻ അതിർത്തികൾ കാടാക്കിയ കറുത്ത മണ്ണ്..
  ശരീരം വീർത്തിട്ടുണ്ട്, ചുണ്ടുകൾ ചോന്നിട്ടുണ്ട്, കണ്ണുകളിൽ ഭയത്തിന്റെ കനലെരിയുന്നുണ്ട്.കണ്ടാൽ അവിടുത്തുകാരിയല്ലന്ന് പറയുന്നവൻ അന്ധൻ...
  കടുകോ , ഗോതമ്പോ, അറിയില്ല.
  ഒരു ലോക്കൽ ബസിന്റെ പടിവാതുക്കൽ നിന്ന് രാത്രിയിൽ ഋതുമതികളാകുന്ന വയലുകളെ നോക്കി ചിരിച്ചു... കൂട്ടത്തിൽ രാത്രികൾ വിൽക്കുന്ന യവന സുന്ദരികളേയും.
  ചുറ്റിനും ശവങ്ങൾ കിടക്കുന്നുണ്ട്. രക്തക്കറകൊണ്ട് മെഴുകിയ തളത്തിൽ കല്യാണ വസ്ത്രത്തിൽ ഞാൻ ഇരുന്നു.
  ഒന്നുകിൽ ചുണ്ടുകൾക്ക് വിലങ്ങിട്ട് ശരീരം അവനു കൊടുക്കുക, അല്ലെങ്കിൽ നരഭോജികൾക്ക് നിന്നെ അറത്തു നൽകുക.....
  മരണത്തിന്റെ മണം മനംമറിക്കുമ്പോൾ സ്നേഹവും കാമനകളും താനെ എത്തുന്നു.
  അങ്ങനെ, ആ മൃഗത്തിന് കീഴടങ്ങാൻ തയ്യാറെന്ന വ്യാജേന തല സാരിത്തലപ്പുകൊണ്ട് മൂടുന്നു. ഇരുട്ടിന്റെ അറിയിലേക്ക് നീങ്ങുന്നു.
  തിരിച്ചിറങ്ങുമ്പോൾ എന്റെ കണ്ണുകളിൽ പ്രണയം തുളുമ്പുന്നുണ്ട്. കൈകളിൽ രക്തം ഒഴുകുന്നുണ്ട്, ഒറ്റകാലിലെ പാദസരം ഭീകരതക്ക് പത്രമായി.
  ആടിയുലഞ്ഞ മുടിയിൽ അവന്റെ പിഴുത്തെടുത്ത കണ്ണുണ്ടായിരുന്നു , ഒടുവിൽ പകൽ വെളിച്ചത്തിൽ, പച്ചകുത്തിയ ആദിവാസി സ്ത്രീ ആരതിയുഴിഞ്ഞു എന്നെ വിട്ടയച്ചു.
  ഒഡീഷ ഗ്രാമങ്ങൾ, നീഗൂഢതകൾ .... പുസ്തകത്താളുകൾ വീണ്ടും ഞാൻ മറിച്ചുകൊണ്ടേയിരുന്നു....
  ©haritha_h

 • haritha_h 99w

  സ്വപ്നാടനം, തുരുമ്പിച്ച നങ്കൂരങ്ങൾ യാഥാർദ്ധ്യത്തിന്റെ തിളയ്ക്കുന്ന കടലിൽ പൂഴ്ത്തിയിട്ടു.
  മുത്തുപെറുക്കുന്ന ലാഘവത്തോടെ ശവങ്ങളുടെ കണ്ണീർ കോരിയെടുത്തു.
  നീരദവർണ്ണം കെട്ടികിടക്കുന്ന തൂലികത്തുമ്പുകളിൽ വിപ്ലവത്തിന്റെ ശോണിമ പടർത്തുന്ന മുദ്രാവാക്യങ്ങൾ പുറത്തേക്ക് വരാനാകാതെ ശ്വാസം കിട്ടാതെ മരിച്ചു.
  താടിയും മുടിയും നീട്ടിവളർത്തുന്നത് നിരോധിച്ച ആർഷഭാരത സംസ്കാരം ഹൃദയത്തിൽ ഒരു കൊലപാതകം ചെയ്യുന്നുണ്ട്.
  എന്റെ കണ്ണുകളിലേക്ക് നോക്കേണ്ട, നിങ്ങൾ അന്വേഷിക്കുന്നത് കിട്ടില്ല....
  കാരണം, എന്റെ കണ്ണുകളിലെ രക്തം മണ്മറഞ്ഞ ആദർശങ്ങളുടെ കൊടിക്ക് ചുമലചായമടിക്കാൻ കൊടുത്തു.
  ഇപ്പോൾ കുപ്പി ഒന്നിന് 7 രൂപാവച്ചു കിട്ടുന്നുണ്ട്.
  നങ്കൂരമിട്ടെങ്കിലും സ്വപ്നമല്ല, ഇത് ഒരു ജനതയുടെ ജീവിതമാണെന്ന് ഓർക്കുമ്പോൾ സൂര്യൻ കിഴക്കല്ല,, പടിഞ്ഞാറും ഉദിക്കാനാണ് സാധ്യത....
  ©haritha_h

 • haritha_h 102w

  നീല

  ഞാൻ അതിന്റെ ആഴങ്ങളോട് വ്യാകുലപ്പെട്ടു,
  ദൂരങ്ങളെക്കാൾ എന്നെ വ്യാമോഹിപ്പിച്ചതും, ഭീതിപ്പെടുത്തിയതും ആഴങ്ങളായിരുന്നുവല്ലോ.
  കറുത്ത ലായനിയിലിട്ടു വച്ച എന്റെ നീലിച്ച കണ്ണുകൾ മേല്പോട്ട് നോക്കി മിഴിക്കുന്നത് കാണുന്ന ഒരുകൂട്ടം കരഞ്ഞണ്ടുകൾ,
  ചിറകില്ലാതെ പറക്കുന്ന ഒരുപറ്റം പട്ടങ്ങൾ സൂര്യനുമായി പയ്യാരം ചൊല്ലുന്നത് കേട്ടു.
  നിന്റെ ദൂരമളക്കാൻ നിന്റെ കണ്ണുകൾക്കാകാത്ത വിധം നീ നടക്കണം,
  നിന്റെ ആഴമളക്കാൻ കഴിയാത്ത ഒരു ഊന്നുവടിയും കൂടെ കരുതുക,
  എന്നിട്ട് കനം വച്ച ഭീതിയുടെ ഒഴിഞ്ഞ പാത്രം വലിച്ചെറിയുക.... പാതി മങ്ങിയ നിഴലിനോട് പറഞ്ഞു..
  എനിക്ക് അത് ആഴങ്ങളാണ്,എന്റെ ലോകമാണ്, ഇരപിടിക്കുന്ന ചുഴികളുള്ള, നീരാളികളുള്ള, വമ്പൻ സ്രാവുകളുള്ള കോട്ടകളുറങ്ങുന്ന ലോകമാണ്... നിനക്കോ?
  വെറും കടൽ മാത്രം.....
  ©haritha_h

 • haritha_h 103w

  വെളുത്ത രാത്രി

  വിറയ്ക്കുന്നുണ്ട്,
  ആർദ്രതയുടെ നനവ് പുറത്തു മഴയായി പെയ്യുന്നുണ്ട്,
  നെരിപ്പോടിൽ കെട്ടുകൊണ്ടിരിക്കുന്ന തീയുണ്ട്,
  ചുറ്റിനും മുല്ലയും അരളിയും മത്തുപിടിപ്പിക്കുന്ന മണവുമായി ചിതറികിടക്കുന്നുണ്ട്,
  വരാന്തയിലെ റേഡിയോ കല്യാണസൗഗന്ധികം എങ്ങനെ വളർത്താം എന്ന പഠനം പറയുന്നുണ്ട്...
  ഇരുട്ടിന്റെ പുതപ്പുണ്ടെങ്കിലും ആത്മാവിന്റെ നഗ്നത ആരുടെ കൈകൾക്കും മറയ്ക്കാനായില്ല,
  ആരുടെ കണ്ണിനു കാണാനുമായില്ല,
  കലങ്ങി മറിയുന്ന ഒരു പുഴ പേറ്റുനോവോടെ എന്നിൽനിന്നും ഉത്ഭവിക്കുന്നത് ഞാൻ വീണ്ടും കണ്ടു... പന്ത്രണ്ടു വയസ്സിലെ അതേ കൗതുകത്തോടെ...
  ഫ്രോയിഡിന്റെ സർപ്പം എന്നെ വേട്ടയാടാൻ തുടങ്ങിയതിന്റെ ഓർമ പുതുക്കി,
  വഴിവക്കിൽ ഇടയ്ക്കിടെ പ്രത്യക്ഷനായി ഭീതിപ്പെടുത്തി,മറ്റുള്ളവർക്ക് എന്റെ സ്വപ്നങ്ങളുടെ കറുത്ത ചോലകളിൽ കരിക്കോലം തീർത്തതായി.. പക്ഷെ എനിക്ക് മധുരമൂറുന്ന തേന്തുള്ളിയിറ്റിക്കുന്ന കാറ്റായി.
  വീണ്ടും അതേ സർപ്പം വരിഞ്ഞു മുറുക്കിയ മധുരമുള്ള നൊമ്പരത്തിന്റെ കഥ ഞാൻ പൊടിതട്ടിയെടുക്കാൻ പാകത്തിന് തട്ടിൻപുറത്ത് കേറ്റിവച്ചു..
  വീണ്ടും... വിറയ്ക്കുന്നുണ്ട്...
  ©haritha_h

 • haritha_h 105w

  രോഗം

  എന്റെ ഡയറിയിലെ ദിനങ്ങൾക്ക് അൽഷിമേഴ്‌സാണ്..
  ഓർമ്മകളുടെ ഓരംപറ്റി നടക്കാനുള്ള ഊന്നുവടിയാകുമെന്ന് കരുതി, ഒരുപക്ഷെ അവയും എന്നെപോലെ മറവി അഭിനയിക്കുന്നതാവം...
  എന്റെ ഭാവനകൾക്ക് ക്ഷയമാണ്,
  ചുമച്ചും തുപ്പിയും ഇടക്കിടക്ക് കിടത്താറുണ്ട്,
  എന്റെ വികാരങ്ങൾക്ക് വാദമാണ്,
  പകലിന്റെ ഇരുണ്ട ഗർത്തങ്ങളിൽ കുഴിച്ചിട്ടവയൊക്കെ മറ നീക്കി നീലമഷിക്കുള്ളിൽ,നിലാവിന്റെ പ്രതലത്തിൽ ഒഴുകി നടന്നു, ഒടുവിൽ ഹിമാലയൻ താഴ്വരയിലെ അഘോരികളെ പോലെ ചിതലെടുക്കുന്ന ചുമല താളുകളിൽ അവയും തപസ്സിരിക്കുന്നു....
  എന്റെ അക്ഷരങ്ങൾക്ക് അർബുദമാണ്,
  എന്നെ കാർന്നു തിന്നാൻ പോന്ന ത്രാണിയുള്ളവ,
  ഒരു കടലാസിലൊഴികെ ഞാനവയെ തളച്ചിട്ടു,
  എന്നിട്ടും മനസിലായില്ല,
  അവ എന്നെ നോക്കി എന്തിന് പുഞ്ചിരിച്ചു എന്ന്,
  വട്ട്.... അല്ലാതെന്ത്????
  അല്ല, ഈ പാതിരാക്ക് കള്ളും കുടിച്ച്, സിഗരറ്റും പുകച്ചുകൊണ്ട് പാതയോരത്ത് നിൽക്കുന്ന ഈ കുലസ്ത്രീയേതാണെന്ന ചോദ്യമായിരുന്നു പുറകിലെന്ന് തിരിച്ചറിയാൻ വൈകി പോയി....
  ©haritha_h