#juvairiya

20 posts
 • raziqu 51w

  ജുവൈരിയാ.....
  ബദറൊളി പടിഞ്ഞാറോടടുക്കുമ്പോൾ
  മെല്ലെ മിഴിയുയർത്തുന്ന മുല്ലയ്ക്കരികിൽ
  നൂറുദിക്കാത്ത ഖൽബുമായി ഞാനുണ്ട്.

  ക്ളീഷേയാണെങ്കിൽക്കൂടി, നിനക്കെഴുതിയ
  കവിതകൾ കൊണ്ടൊരു പഴയ ഡയറി നിറച്ചു..
  പലരിലൊന്നാണ് ഞാനെന്നറിയുമെങ്കിൽക്കൂടി
  സ്വന്തമെന്നു കരുതിയിരിക്കാനാണെന്നുമിഷ്ടം...

  പഞ്ചസാരയിൽ നിന്നുപ്പു തിരയുമ്പോ, ലാണിന്നു
  സത്യവുമാത്മാർത്തഥയും തിരയുന്നത്...
  എന്നിരിക്കിലും ജുവൈരിയാ....
  മൊഹബ്ബത്തിലാവുകയെന്നത് ശിർക്കല്ലാത്തതിനാൽ
  ഞാനു മതിന്റെ യാഴത്തിലേക്കൂളിയിടുന്നു...
  ©റാസി

 • raziqu 60w

  #malayalam #poem
  #juvairiya

  ജുവൈരിയാ....
  വിണ്ടുകീറിയ ഖൽബിന്റെ കഷണവുമായി
  ഞാനിവിടെയിപ്പോഴും കാത്തിരിപ്പുണ്ട്.
  നിന്നെ തിരഞ്ഞലഞ്ഞെന്റെ റൂഹ് തളർന്നു.
  നിന്നിലേക്കൊഴുകിയൊഴുകിയെന്റെ
  ഞരമ്പിന്റെയറ്റവും അടർന്നു പോയി..

  ഓരോ നിമിഷവും നിന്നെ തിരഞ്ഞിറങ്ങുമ്പോഴാണ്
  ദുനിയാവിന് ഇത്രയും വലിപ്പമുണ്ടായിരുന്നു
  എന്നു ഞാൻ മനസിലാക്കുന്നത്.

  ജുവൈരിയാ...
  എത്ര പൂക്കാലങ്ങളാണ്‌ നീയില്ലാതെ
  എന്റെ മുന്നിൽ വരണ്ടു നശിച്ചു പോയത്?
  എത്ര മഴക്കാലങ്ങളിലാണ് നീ നനയാനില്ലാത്തത് കൊണ്ടു
  ഞാൻ മുഷിപ്പോടെ പ്രാകിയിരുന്നത്..?
  എത്രയെത്ര നിലാ രാവുകൾ
  കഥപറയാൻ നീയില്ലാത്തത് കൊണ്ടു മാത്രം
  അവഗണിച്ചു വെറുതെ മൂടിപ്പുതച്ചുറങ്ങിയത്..?

  ജുവൈരിയാ ...
  നീയില്ലായ്മ വെറും തോന്നലാണെന്നു പറഞ്ഞു
  ഞാനെന്റെ ഹൃദയത്തെ പറ്റിച്ചിട്ടുണ്ടൊരുപാട്.
  ഇപ്പോഴെന്തോയൊരു നോവുണ്ടുള്ളിൽ
  മെല്ലെ ഉള്ളാകെയാടിയുലഞ്ഞു പോകും പോലെ..

  നീയില്ലായ്മയാണ് ജുവൈരിയാ എന്റെ മരണം.
  തിരിഞ്ഞും മറിഞ്ഞു,മുറക്കം വരാത്ത രാത്രികൾ
  നടന്നും കിടന്നും നീങ്ങിപ്പോകാത്ത പകലുകൾ
  വെറുതേ നിന്നെ സ്വപ്നം കാണാനെങ്കിലും
  ഇത്തിരിയുറക്കം മിഴി തഴുകിയെങ്കിൽ...
  എല്ലാം പാഴ്സ്വപ്നങ്ങളല്ലേ ജുവൈരിയാ...

  എനിക്കും നിനക്കുമിടയിൽ
  അറ്റം കാണാത്ത, തിരയൊടുങ്ങാത്ത
  മൗനത്തിന്റെ അനന്തമായ സമുദ്രം..
  അതിനിരുകരയിൽ
  രണ്ടപരിചിതരെപ്പോലെ നാം...

  ©റാസി.
  10/05/21

  Read More

  എനിക്കും നിനക്കുമിടയിൽ
  അറ്റം കാണാത്ത, തിരയൊടുങ്ങാത്ത
  മൗനത്തിന്റെ അനന്തമായ സമുദ്രം..
  അതിനിരുകരയിൽ
  രണ്ടപരിചിതരെപ്പോലെ നാം...

  ©റാസി.

 • raziqu 73w

  മത്സരത്തിലേക്ക്

  #malsaram
  #malayalam
  #juvairiya
  .............

  Read More

  പ്രേമലേഖനം
  '""""""""""""""""""

  ഉണരാൻ കാത്തിരിക്കയാണ്
  ഉറക്കത്തിൽ നിന്നല്ല,
  മരണത്തിൽ നിന്ന്...

  ജീവിച്ചു കാണിക്കാൻ മിടുക്കുവേണ്ട
  പക്ഷെ
  പ്രണയച്ചൂടിൽ വെന്തുരുകി
  സ്വപ്നങ്ങളുടെ മയ്യിത്ത് കട്ടിലും ചുമന്ന്
  അനുഭവങ്ങളുടെ മുൾക്കാട്ടിലൂടെ
  നഗ്നപാദനായി ഒരു യാത്രയുണ്ട്.

  ഒരുപാട് ഹസ്തങ്ങൾ നമ്മളാഗ്രഹിക്കില്ല
  പക്ഷെ , തള്ളവിരലുയർത്തിയൊരു ആശംസ.
  ചിരിക്കുന്നയായിരം മുഖങ്ങളാഗ്രഹിക്കില്ല,
  പക്ഷെ, ചെറു പുഞ്ചിരിമാത്രം വിടരുന്ന ആ മുഖം
  പലർക്കുമത് പലരുമാവാം
  എനിക്കത് പക്ഷെ നീയാണ്.

  സഖീ...
  നിന്നെ ഞാൻ പ്രണയിക്കുന്നു...
  പക്ഷെ
  എന്റെ കരളിന്റെ കരൾ നീയല്ല
  എന്റെ ഹൃദയം നിറയെ നീയല്ല
  എന്റെ ജീവന്റെ പാതിയും നീയല്ല.
  ഒന്നേ എനിക്കറിയൂ...
  അതു ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നാണ്.

  എന്റെ റൂഹ് നഫ്സിനും മുന്നേ ഉണ്ടായത്
  എന്റെ റൂഹിന്റെ നൂറ് അതിനൊപ്പം പടച്ചത്.
  അത് അനന്തമാണ്, ആനന്ദമാണ്, അത് നീയാണ്.
  അപ്പൊ ഞാൻ നിന്നെയെങ്ങനെ
  ദുൻയവിയായ ബിംബങ്ങളിൽ തളച്ചിടും?

  പക്ഷെ
  എന്റെ വിധി നിധി കാക്കും ഭൂതം പോലെ..
  ചെറുവിരലകലെ നീ നിൽക്കുമ്പോഴും
  നാം തമ്മിൽ ദൂരെ ദൂരെ എന്ന പോലെ,
  ഒരു നോട്ടത്തിന്റെ ദൂരം പോലും ഇല്ലെങ്കിലും
  നമ്മളിപ്പോഴും അപരിചിതരെപോലെ...

  പ്രിയേ...
  മതി.
  ഞാൻ കരഞ്ഞു തീർക്കുന്ന രാത്രികൾക്ക്
  നീയെന്നാണ് വിരാമമിടുക?
  ലഹരി പതക്കുന്ന സന്ധ്യകൾക്ക്
  നീയെപ്പോഴാണ് അന്ത്യമിടുക?
  പതിയെ മരിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ
  എങ്കിലും നിന്റെ മുഖം
  വീണ്ടും വീണ്ടും
  എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു
  അങ്ങനെ ഞാൻ ഉണരാൻ കാത്തിരിക്കയാണ്
  ഉറക്കത്തിൽ നിന്നല്ല,
  മരണത്തിൽ നിന്ന്..

  ©റാസി

 • kichu_parameswaran 73w

  ഒരു പക്ഷെ ഈ കുറിച്ചുവെച്ചിരിക്കുന്ന അക്ഷരങ്ങൾ മാഞ്ഞു പോകാം.. എങ്കിലും ഈ സ്നേഹം .. ഇഷ്ടം.. ഈ ഓർമ്മകൾ.. എന്നും മറക്കാതെ നെഞ്ചിനുള്ളിൽ പാത്തുവെക്കും..
  തമ്മിൽ കാണുമ്പോഴൊക്കെ സംസാരിക്കാനാവാതെ നിന്റെ കണ്ണുകൾ എന്നെ വാരിപുണരുന്നത് എന്നും എനിക്ക് അറിയാം..

  എല്ലാ രാത്രികളിലും തനിയെ നിനക്കായ് കാത്തിരിക്കുമ്പോഴും നിലാവെന്നിൽ പകർന്നാടുന്ന നിമിഷങ്ങളിൽ തണുപ്പിടങ്ങളിൽ ഉരുകി ഉരുകി നിനക്കായുള്ള കാത്തിരിപ്പിൽ ഞാൻ എന്നെ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു..

  നിന്നോടുള്ള ഇഷ്ടം പുറത്തു കാണിക്കാതെ നിനക്ക് ചുറ്റും ഇങ്ങനെ പാറി നടക്കണം എനിക്ക്.. പാതി പറഞ്ഞ കഥ പോലെ.. പകരാനാവാത്ത രഹസ്യം പോലെ...

  നീ എന്നിലെ വെളിച്ചം .. എന്റെ ജീവൻ .. എന്റെ മാത്രം ..


  #juvairiya #malayalam

  @hannaabideen @raziqu

  Read More

  രഹസ്യം

  പറയാനാവാതെ
  ഒട്ടും വിട്ടുകൊടുക്കാനാവാതെ
  പാതി മുറിഞ്ഞ ഓർമ്മകളിൽ
  മാത്രം ആരെന്നറിയാതെ എന്തിനെന്നറിയാതെയുള്ള കാത്തിരിപ്പ്...

  ©kichu_parameswaran

 • raziqu 74w

  #juvairiya

  @hannabideen
  @kichu_parameswaran

  നിങ്ങ ട്രൈ ചെയ്യ്...
  എങ്ങാനും ഞാൻ രക്ഷപ്പെട്ടാലോ?

  Read More

  അകലെയകലെയകലെ...
  നാം മിഴിയൂന്നി നിൽക്കയാണ്...
  നമുക്കിടയിടയിൽ ഒരു
  സാഗരമുണ്ടെന്നു തോന്നും
  പക്ഷെ
  ആകെ
  മുഖത്തോട് മുഖം നോക്കി
  ഒന്നു ചിരിച്ചാൽ അടയുന്ന വിടവുകൾ മാത്രം...
  ഞാൻ തുറന്നു വെച്ച പഴുതുകൾക്കുനേരെ
  നീ കണ്ണടച്ചപ്പോഴാണ്
  എന്റെ മോഹങ്ങളും സ്വപ്നങ്ങളും മരിച്ചത്.
  ഒരു പക്ഷെ
  നിനക്കവ പുനർജീവിപ്പിക്കാനായേക്കാം..
  ആരറിയുന്നു...
  എല്ലാം ഓരോ വ്യർത്ഥമോഹങ്ങൾ....

  ©raziqu

 • kichu_parameswaran 74w

  നീ വിരിഞ്ഞ സന്ധ്യകളില്ലാം മെന്നിൽ

  പൂത്തപൂക്കൾ മുഴുവൻ നിന്റെ മുറിവുകളിൽ ചേർത്തു വെക്കാം

  നിന്നെക്കുറിച്ചോർത്തു പൊഴിച്ച കണ്ണീർ തുള്ളികളുറച്ച മുത്തുകളായി മാറിയിരിക്കുന്നു

  അവ കോർത്ത്ഞാനൊരു പ്രണയാഹാരം നിനക്ക് നൽകാം
  കുംകുമ ചുകപ്പാർന്ന സായം സൂര്യനെ സാക്ഷിയാക്കി നിന്നോടലിഞ്ഞു ചേരാം

  കണ്ണുകൾ വീണ്ടും നമുക്കുവേണ്ടി സംസാരിക്കട്ടെ
  ചുണ്ടുകളെ ചുംബനത്തിന്റെ കാണാക്കയങ്ങളിലേക്ക് നമുക്ക് പറഞ്ഞു വിടാം

  മഴക്കാടുകളിലെ ഈ മൗനവും നനവും ഇനി നമുക്കോർമ്മകളിൽ സ്വന്തം..

  ഇരുപാതകൾ ഒന്നായി ഇനിയീ യാത്ര നമ്മുടേതാണ്..


  πππππππππππππππππππππππππππππππππππππππππ

  @hannaabideen , ഇബന ( @raziqu) ഒരു ബയിക്ക് ആക്കണ്ടെ.. ബാക്കി ഒന്ന് സഹായിക്കപ്പാ.. ബാക്കി എയുതോ?

  #juvairiya #malayalam

  Read More

  *മീനവിയൽ ജുവൈരിയ

  To @raziqu

  ©kichu_parameswaran

 • raziqu 74w

  #juvairiya
  Farewell

  ജുവൈരിയാ
  നീ ചുംബിച്ചയിടങ്ങളിലെല്ലാം
  പൊള്ളുന്നുണ്ടൊരു ചെറു കുളിരുമുണ്ട്.
  നെറ്റിയോട് നെറ്റി ചേർത്തു,
  കണ്പീലികൾ കോർത്തു മെല്ലെ
  നീ വിതുമ്പിയ നേരമത്രയും
  ഒന്നും മിണ്ടാതെ ഞാനൊരുമൊരു ശിലയായി.


  ലഹരിയൊഴുകിയ സന്ധ്യകൾ
  നീ വന്നതിൽപ്പിന്നെ
  ആഴിയിൽ മറയും സൂര്യനെ,
  പുതുമഞ്ഞിൽ വിടരും പൂവിനെ,
  ഒന്നുചിരിച്ചകലുന്ന വഴിപോക്കനിലെ
  സൗന്ദര്യം പോലും ശ്രദ്ധിക്കുന്നതായത്
  ആളുകൾക്കെങ്ങനെ മനസ്സിലാവാനാണ്.?


  ചിലപ്പോഴൊക്കെ ഒന്നും മിണ്ടാതെ
  നാം തമ്മിൽ നോക്കി നിന്നിട്ടില്ലേ..
  കണ്ണുകൾ പറയുന്ന കഥകൾ
  ഹൃദയം കൊണ്ട് കേൾക്കുന്ന സമയങ്ങൾ...
  ഇരുട്ട് മാറി വെളിച്ചം പറക്കുന്ന പോലെ
  സിഗരറ്റ് കറ പിടിച്ച ചുണ്ടുകളിൽ
  നീയെത്ര പുഞ്ചിരിയാണ് വിരിയിച്ചത്...

  ജുവൈരിയാ
  നിന്റെ മിഴിയിൽ മിഴികോർത്തിങ്ങനെ-
  യൊരായിരം ജന്മമിരിക്കണമെന്നുണ്ട്.
  ഹൃദയത്തോട് ഹൃദയംചേർത്തു,
  നെഞ്ചിൻതാളമൊന്നാക്കണമെന്നുണ്ട്.
  എന്നാലും
  പിരിയുന്നിതാ നാമിരുവരും

  ജുവൈരിയാ...
  നിനക്ക് തരാൻ ചില ഓര്മപ്പൊട്ടുകൾ
  മാത്രമേ ഈ ഫഖീറിന്റെ കയ്യിലുള്ളൂ.
  ഇനിയുള്ള യാത്രകളിൽ നമൊന്നല്ലെന്ന,
  ഇനിയുള്ള സന്ധ്യകൾ നമുക്കുള്ളതല്ലെന്ന,
  ഒന്നിൽ നിന്നും രണ്ടിലേക്കുള്ള
  നമ്മുടെ യാത്ര തുടരുകയയി...

  വിട...

  ©റാസി

  Read More

  വിട

 • raziqu 74w

  ഉള്ളിലങ്ങനെ നീറിപ്പുകയുണുണ്ട്...
  നിന്റെ
  ചുംബനപ്പൊള്ളലേറ്റു നൊന്തയിടങ്ങൾ
  .
  എന്നിട്ടും

 • raziqu 74w

  #juvairiya

  വീണ്ടും അവളിലേക്ക്...

  Read More

  സലാം ചൊല്ലി പിരിയും മുമ്പ് റൂഹേ എനിയ്ക്കവളിലേയ്ക്കൊന്നു
  ഹിജ്റ പോകണം

  മിഴിനിറഞ്ഞുലഞ്ഞു പെയ്യും മഴയില്‍ തണലൊരുക്കും ഇലകളാവണം....

  നേർത്തുനെയ്ത ഖല്‍ബിനുള്ളിലെന്നും തിരയൊതുക്കി പ്രാണനാവണം..

  ©ശാഹുൽ ഹമീദ്
  ®റാസബീഗം

 • raziqu 79w

  #malayalam
  #juvairiya


  ഇന്നലെ,
  അവളുടെ ഓർമദിവസമായിരുന്നു.
  രാവിലെയാണ് ഞാനങ്ങു ചെന്നത്...
  പുല്ലുവളർന്നു തുടങ്ങിയ
  കുഴിമാടത്തിനുമുന്നിൽ,
  മീസാങ്കല്ലോട് ചേർന്നു ഞാൻ നിന്നു.
  എനിക്കൊന്നും മിണ്ടാനുണ്ടായിരുന്നില്ല.
  കൂട്ടത്തിലായിരിക്കാനെപ്പോഴും ഇഷ്ടപെട്ടിരുന്നവൾ
  ഒറ്റക്ക് കിടക്കുകയാണ്...

  അവളുടെ പേരിൽ വീട്ടിൽ മൗലൂദ് ഉണ്ടത്രേ...!
  ഉച്ച വരെ ഞാനാ മീസാങ്കല്ലിൽ തൊട്ടിരുന്നിട്ടും
  തണുത്ത കാറ്റൊഴികെയാരുമാ വഴി വന്നില്ല...
  മൈലാഞ്ചിച്ചെടിയിൽ ചെറിയ വെള്ളപൂക്കൾ
  വിരിഞ്ഞു നിൽക്കുന്നുണ്ട്.
  അവൾ പുഞ്ചിരിക്കുന്നതുകൊണ്ടാകാം,
  ഇതളുകൾ എന്റെ മേൽ പൊഴിഞ്ഞു കൊണ്ടിരുന്നു...

  രണ്ടു വർഷം മുൻപവളെ കാണുമ്പോൾ
  കണ്ണിനു കീഴെ കറുപ്പ് ഇടം പിടിച്ചിരുന്നു..
  കഴുത്തിലെ എല്ലുയർന്നൊരു ചെറിയ കുഴി കാണുമായിരുന്നു...
  എങ്കിലും എന്റെ മുഖത്തു നോക്കിയവൾ ചോദിച്ചു..
  എന്താ മനുഷ്യാ പെണ്ണുങ്ങളെ കണ്ടിട്ടില്ലേന്ന്.
  അവളെപ്പോലൊരു പെണ്ണിനെ കണ്ടിട്ടില്ലെന്ന്
  പറഞ്ഞാലതൊരു ക്ളീഷേ ആവുമെന്നതിനാൽ മിണ്ടിയില്ല...

  പെയിൻകില്ലേഴ്‌സ് കഴിച്ചാലസ്യത്തിലായിരുന്ന
  സമയം അവളെന്നെ വിളിപ്പിച്ചു...
  ശോഷിച്ച വിരലുകൾ കൊണ്ടെന്റെ
  കൈ കവർന്നവൾ പറഞ്ഞു...
  എന്നെ ഒന്നു കൂടി നോക്കാമോ
  പണ്ട്, പുതുമഴയിൽ കുതിർന്ന മണ്ണിൽ നിന്നും
  മുളപൊട്ടി ഇലകൾ വളരും പോലെ
  ഉള്ളിലൊരു സമാധാനത്തിനു...
  ഞാൻ ചിരിച്ചു,അവളും...
  ഞങ്ങൾക്കിടയിലെ കണ്ണുനീർ
  പണ്ടേ വറ്റിപ്പോയിരുന്നു...

  വെള്ളപുതച്ചവളിറങ്ങുമ്പോൾ
  ഞാനോഫീസിനു പിറകിലെ ഗോഡൗണിൽ
  ബോധം മറക്കുന്ന മരുന്നുകൾ പരീക്ഷിക്കയായിരുന്നു...
  ചില റൂഹുകൾ നമ്മെ നഷ്‌ടപ്പെടാനനുവദിക്കില്ല,-
  യെന്നത് പോലെ മന്ദത പോലും വരാതെ ഞാൻ തളർന്നിരുന്നു...

  Read More

  പള്ളിക്കാട്ടിലെ പുതിയ മൻകൂനയ്ക്കുമേലെ
  ഖത്തപ്പുര കെട്ടിയിരുന്നില്ല, ആരവൾക്കു വേണ്ടി
  മൊല്ലാക്കമാർക്ക് പൈസകൊടുക്കും..?
  ഒറ്റക്കിരിക്കുന്ന അവളുടെ മുഖമെന്റെ മനസ്സിൽ
  കല്ലിലെന്ന പോലെ പതിഞ്ഞതാണ്...
  എന്നിട്ടും അവൾക്കാരൊക്കെയോയുണ്ടെന്നൊരു
  മിഥ്യാധാരണ ഞാൻ വളർത്തിയെടുത്തു,
  അതു ഞാനാണെന്നപ്പോഴറിയുകയും ചെയ്തു...

  മൂന്നിന്റെയന്ന് ചീരണി കൊടുത്തതിൽ പിന്നെ
  കുടുംബത്തിൽ നിന്നവൾ ഇല്ലാതെയായി...
  എന്നിട്ടുമെല്ലാ ദിവസവും ഞാൻ വെറുതെ
  അവളുടെ ഖബറരികിൽ വെറുതേയിരിക്കും...
  പണ്ട്...
  തഴമ്പുപൊട്ടിയ കൈകളിൽ എണ്ണ തേച്ചു
  തിരുമ്മുമ്പോഴുള്ള അവളുടെ മുഖഭാവം ഓർത്തങ്ങനെയിരിക്കും...
  പിന്നെ ഞാനും പോകാതെയായി...
  തലതിരിച്ചു കുഴിച്ചിട്ട കാട്ടുചെടി
  മീസാങ്കല്ലരികിൽ നിന്നു മാറ്റി
  ഞാൻ നട്ട മൈലാഞ്ചി തളിർത്തത്തിൽ -
  പിന്നെയാണ് ഞാൻ പോക്ക് നിർത്തിയത്...

  അവൾക്കു പരിഭവം കാണില്ല...
  അർബുദം കാർന്നു വേദനയിൽ പുളയുമ്പോൾ
  എന്നോട് ചിരിച്ചവളാണവൾ...
  എല്ലാവരും അവഗണിച്ച,ദികപ്പറ്റാണെന്നു-
  പറഞ്ഞിട്ടുമെന്നോട് കുലമഹിമ പറഞ്ഞവൾ...
  കോപ്രായം കാണിച്ചെപ്പോഴും ചിരിക്കാനൊരു
  കാരണം കണ്ടവൾ...

  എങ്കിലുമെന്തോ...
  ഒറ്റക്കവളെ വിട്ടേച്ചു പോരാൻ ഇന്നുമെനിക്ക് മടിയാണ്.
  അവളുടെ മീസാങ്കല്ലിൽ തലവെച്ചു,
  മൈലാഞ്ചിച്ചെടികൊണ്ടു പുതച്ചു,
  ഉണങ്ങിയമണ്ണട്ടിയിൽ ചേർന്നുകിടന്നു-
  ഞാനുമിപ്പോൾ മയ്യതായിരുന്നെങ്കിലെന്നെപ്പോഴുമാശയാണ്...

  പക്ഷെ...
  അവളെക്കുറിച്ചെഴുതാൻ മാത്രമായെന്നെ
  റബ്ബ് വീണ്ടും ജീവിപ്പിക്കുന്നു..
  ®റാസി

 • raziqu 85w

  #malayalam #malayalampoetry #loveletter #premalekhanam

  ��������������������������������

  ചിലതങ്ങനെയാണ്..... എത്രയകലെ പോയാലും തിരിച്ചെത്തുന്ന സാൽമൺ പോലെ.... വീണ്ടും അവളിലേക്ക് ചുരുങ്ങുന്ന എന്റെ ലോകം...
  #juvairiya

  ��������������������������������
  ജുവൈരിയാ...
  മുല്ല വീണ്ടും മൊട്ടിട്ടിരിക്കുന്നു.
  വിരിയുന്നതൊരിക്കലും ഞാൻ കണ്ടിട്ടില്ല.
  സുബ്ഹി ബാങ്ക് കൊടുക്കുമ്പോൾ
  നറുമണം വീശുന്ന കാറ്റാണ്
  വിരിഞ്ഞ കാര്യമെന്നോട് പറയാറുള്ളത്.

  അന്ന് നീ തന്ന അത്തറിനും
  മുല്ലയുടെ മണമായിരുന്നല്ലോ...?
  പക്ഷെ...
  തിരിഞ്ഞു നടക്കുമ്പോൾ
  ഞാനത് വലിച്ചെറിഞ്ഞിരുന്നു.
  ഒരു ഗന്ധമായിപ്പോലും
  നിന്നെ ഓർമ വരാതിരിക്കാൻ...

  എന്തു ചെയ്യാം..?
  തട്ടിയകലേക്ക് മാറി നിന്നിട്ടും
  വൃത്തത്തിലോടുന്ന വണ്ടിയെപ്പോലെ-
  വീണ്ടും വീണ്ടും നിന്നിലേക്ക്
  തന്നെ തിരിച്ചെത്തുന്ന ഓർമകൾ...

  ജുവൈരിയാ...
  നിന്നിൽ നിന്നും രക്ഷപ്പെടാൻ ഞാൻ
  ഒരു യാത്ര പോയിരുന്നു...
  ഹന്ന വഴി,
  സെറീനിലൂടെ,
  റെനായിലൂടെ
  എന്നിട്ടെന്തായി..?
  ഒടുവിൽ
  കൂടുവിട്ട പക്ഷി തിരിച്ചെത്തും പോലെ
  നിന്റെ മുന്നിൽ ഞാൻ...

  ജുവൈരിയാ...
  ശ്രദ്ധിച്ചിട്ടുണ്ടോ?
  നിലാവിനിപ്പോൾ പഴയ തെളിച്ചമില്ല...
  പണ്ട്
  ഉപ്പിലിട്ട മുളക് കടിച്ചു അഴീക്കലൂടെ
  ഞാനും നീയും നടന്നിരുന്ന കാലത്തെ,
  പകൽ മുഴുവൻ പണിയെടുത്ത കാശിനു
  റീചാർജ് ചെയ്തു തോട്ടുവക്കത്തിരുന്നു
  നിന്നോട് സംസാരിച്ച രാത്രികളിലെ,
  ഒന്നും രണ്ടും പറഞ്ഞു അടിപിടി കൂടി
  അവസാനം ഒരുമ്മയിൽ പ്രശ്നം തീർക്കാൻ
  സൈക്കിളോടിച്ചു നിന്റെ
  വീടോളം വന്ന രാത്രിയിലെ
  ഓർമയിൽ പെയ്യുന്ന നിലാവ്
  ഇപ്പോഴില്ല ജുവൈരിയാ...

  ഉറക്കം നാടുവിടുന്ന രാത്രികളിൽ
  ചെങ്ങായിമാർക്കൊപ്പം നടുറോഡിൽ
  ബൈക്കുകൊണ്ട് മതില് തീർത്തു
  മലർന്നു കിടക്കുന്ന സമയം...
  അതു മാത്രമാണ്
  ഇപ്പൊ എന്റെ ഒളിച്ചോട്ടങ്ങൾ...

  കടം കൊണ്ട സമയങ്ങൾ
  അവധി പറഞ്ഞു തുടങ്ങിയിരിക്കുന്നു.
  ജനാലകളിലെ കാറ്റിനു പഴയ സുഖമില്ല.
  ഓർമ്മപെയ്‌തിൽ ഒലിച്ചു പോയ സുബോധം ഉത്തരവാദിത്വത്തിന്റെ വലക്കണ്ണികളിൽ
  കുരുങ്ങിപ്പിടച്ചു ചക്രശ്വാസം വലിക്കുന്നു.

  Read More

  ജുവൈരിയാ...
  ഇന്നലെ മുടി ചീകിയപ്പോൾ ചീർപ്പിൽ കുടുങ്ങിയ
  നരച്ച മുടിയിലൂടെ ഞാനൊരു യാത്രക്ക് ശ്രമിച്ചു..
  നിന്റെ ഓർമകളിൽ തട്ടി മറിഞ്ഞു, ഞാൻ
  നിന്റെ കണ്ണാഴങ്ങളിൽ വീണു മരിച്ചു.
  കുറ്റബോധമുണ്ടെന്റെയുള്ളിൽ
  പക്ഷെ...
  പുറകോട്ടോടാൻ കഴിയാത്ത ഘടികാരം
  കൽചുമരിൽ നിന്നെന്നെ നോക്കി ചിരിക്കുന്നു.

  ജുവൈരിയാ...
  നിനക്ക് ആശംസകൾ...
  ഈ ഫക്കീറിന്റെ ഭാണ്ഡക്കെട്ടിൽ
  നിനക്കു തരാനായി മറ്റൊന്നുമില്ല...
  റൂഹുള്ള കാലത്തോളം
  മിടിക്കുന്ന ഖൽബിൽ നിന്നോടുള്ള
  മൊഹബ്ബത്തും നിന്റെ ഓർമയും മാത്രം...

  ©റാസി
  ©raziqu

 • raziqu 90w

  #juvairiya
  Still searching.... Are you ?

  Read More

  ആരാണ് ജുവൈരിയാ....?

  ഇരുണ്ട ജീവിതത്തിൽ വെളിച്ചം വിതറിയവളാണോ?
  അല്ല
  കൈ പിടിച്ചു, വെളിച്ചമാകാനുള്ള വഴി പറഞ്ഞു തന്നവൾ.

  ദുഃഖങ്ങളിൽ സന്തോഷം തന്നവളാണോ?
  അല്ല,
  സങ്കടങ്ങൾ ഒപ്പാനുള്ള തൂവാലയാവാൻ പഠിപ്പിച്ചവൾ.

  തോൽവികളിൽ സമാധാനിപ്പിക്കുന്നവളാണോ?
  അല്ല ,
  തോൽവികളിലെ വിജയം കാണിച്ചുതന്നവൾ.

  മരണത്തിലും കൂടെ വരുന്നവളാണോ?
  അല്ല,
  മരണത്തിനു വേണ്ടി എന്നെ തയ്യാറാക്കുന്നവൾ.

  ആരാണവൾ...?
  ©raziqu

 • raziqu 90w

  #juvairiya
  Criticism accepted

  Read More

  ©raziqu

  ജുവൈരിയാ
  നിനക്കായെഴുതിയകത്തുകൾ
  ചിതലരിച്ചെന്റെ അലമാറിയിലുണ്ട്.
  ഓരോ വർഷവും വാങ്ങിക്കൂട്ടിയ
  സമ്മാനപ്പൊതികൾ
  മച്ചിൽ കുമിഞ്ഞു കിടക്കുന്നു.

  പഴയ ഫോട്ടോകൾക്കിടയിൽ
  നമ്മുടെ ചിത്രങ്ങൾ മരവിച്ചു കിടന്നു.
  തിരിച്ചറിയാൻ പറ്റാത്ത അക്ഷരങ്ങൾക്കിടയിൽ
  ഞാൻ എന്നെ പരതി.
  പക്ഷെ എല്ലാം നീ തന്നെ ആയിരുന്നു.

  നിന്റെ ഓർമകൾ കൊണ്ടെനിക്കൊരു
  ഖബർ പണിയണം.
  നിന്റെ വാക്കുകൾ കൊണ്ടെന്നെ
  കഫൻ ചെയ്യണം.
  എന്നിട്ടെന്റെ തലഭാഗത് ഒരു മുല്ലനടണം.
  ഓരോ രാത്രിയിലും അവ പുഷ്പിക്കട്ടെ.
  നിന്റെ ഓർമകൾ എന്റെ ഖബറിന് ചുറ്റും സുഗന്ധം പരത്തട്ടെ..

 • raziqu 91w

  #juvairiya
  Criticism accepted ...

  Read More

  ജുവൈരിയാ...
  നിന്നോട് പറയാമെന്നേറ്റ കഥകൾ
  നീല മഷി പുരണ്ടു മരിച്ചു കിടക്കുന്നു.
  ചിതലരിച്ചു തുടങ്ങിയ കടലാസ്‌കൂമ്പാരത്തെ-
  ചിതയായി കരുതി ഞാനുമിരിക്കുന്നു.

  വായിച്ചവർക്കെല്ലാമവ പൈങ്കിളിയത്രെ..!!
  വഴിയോരങ്ങളിൽ തേഞ്ഞുകിടന്ന-
  കൽക്കഷണങ്ങളെടുത്താണ് ഞാൻ പണ്ട്-
  കാറ്റു കയറാത്ത ഈ മുറിയെടുത്തത്.

  മുനിഞ്ഞുകത്തുന്ന മെഴുകുതിരിയിൽ ഒരു-
  മുറിവേറ്റ പ്രാണി ലയിച്ചു കിടന്നു.
  ഓർമകൾക്കൊപ്പം മലകയറിതുടങ്ങിയപ്പോൾ
  ഒന്നു കൂടി ഞാൻ തിരിഞ്ഞു നോക്കി.

  പൈങ്കിളിയായ എന്റെ എഴുത്തുകൾക്കൊപ്പം,
  ചിതലരിക്കുന്ന കടലാസുകൾക്കൊപ്പം,
  കാറ്റു കയറാത്ത എന്റെ മുറിക്കുള്ളിൽ,
  മരിച്ചുകൊണ്ടിരിക്കുന്ന പ്രാണിയെയും നോക്കി
  കടലാസു ചിതയിൽ
  ഞാൻ കൂനിക്കൂടിയിരിക്കുന്നു.

  സൂക്ഷിച്ചു നോക്കിയാൽ-
  നിനക്കു കാണാം ജുവൈരിയാ...
  കടലാസുകളിൽ കഥകളില്ല,
  നിന്റെ പേര് മാത്രം....

  ©raziqu

 • raziqu 92w

  എന്തെന്നറിയില്ല ജുവൈരിയാ...
  ഞാൻ വീണ്ടും നിന്റെ ഓർമകളിൽ മുങ്ങിത്താഴുന്നു.
  ആരോടും മിണ്ടാതെ വെച്ച പരിഭവങ്ങളോരോന്നും
  ഇപ്പോഴുമെന്റെ ഖബറിൻ മേലുണ്ട്.
  നിനക്കായെഴുതിയ കവിതകളെല്ലാം
  മഷി പുരളാതെയെന്റെ ഖൽബിലുമുണ്ട്.
  പറയാൻ ബാക്കി വെച്ച കിസകളിൽ
  എനിക്കു തോഴിയായി നീ വരുന്നുണ്ടിപ്പോഴും.
  നീ മറന്ന വഴികളിൽ ഞാൻ എന്നെ തേടുന്നുണ്ടിപ്പോഴും...
  ഇവിടെ സ്വയം തോൽപ്പിച്ചൊരു ശുംഭ ജീവനായി ഞാനിരിക്കുന്നിപ്പോഴും,
  നീ വരുമെന്നോർത്തൊരോ നിമിഷവുമെന്നും .
  നീ മറന്ന് പോയതാണെന്നെയെന്നറിയാം
  പക്ഷെ നിനക്കായെഴുതിയ കവിതകൾ കൊണ്ടല്ലോ
  എന്റെ ഹൃദയം പണിതിരിക്കുവ,തങ്ങനെ നിന്നെ മറക്കും.?

  ©raziqu

 • raziqu 96w

  Once again....
  #hard_to_conclude
  #lovemalayalam
  #juvairiya
  ജുവൈരിയാ..
  നിന്നെക്കുറിച്ചെഴുതാനാണ് ഞാൻ പേനയെടുത്തത്...
  ഇപ്പൊ ഞാൻ ആകെ കുഴഞ്ഞു പോയി..
  എവിടെ നിന്നു ഞാൻ തുടങ്ങണം..

  പരിഭവമൊടുങ്ങാത്ത നിന്റെ പിണക്കങ്ങളിൽ നിന്നോ?
  അതോ പറയാതൊരുനാൾ നാം പിരിഞ്ഞതിൽ പിന്നെ
  ഉറക്കം വരാതായ രാത്രികൾ മുതലോ?

  നിന്നെയോർക്കാതൊരു നിമിഷവുമില്ല,
  നിനവിൽ നീയല്ലാതൊരു രൂപവുമില്ല..
  മൗതാകും വരെയെന്റെ ഖൽബ് നിനക്കായ്
  മിടിക്കുന്നുണ്ട,തൊരു വിശ്രമമില്ലാതെ..

  പറയാനൊരുപാട് കാര്യമുണ്ടായിട്ടും
  നാം മിണ്ടാതൊരുപാട് കഴിഞ്ഞതല്ലേ..
  എന്തെന്നറിയില്ല ,നിൻ മൗനമോതും
  ആയിരം കിസകൾ ഞാൻ സ്വപ്‌നം കാണാറുണ്ടിപ്പോഴും.

  പറയാൻ മറന്നൊരായിരം കഥകൾ
  കൊണ്ടെന്നും ഖൽബ് നിറയാറുണ്ട്.
  വിങ്ങിപ്പൊട്ടി,യതിൽ നാം ഒരുമിച്ച്
  ചേരാറുണ്ട്, പണ്ട് കണ്ട സ്വപ്നം പോലെ...

  ഈണമില്ലാതെ വരികളെന്റെ
  ചുണ്ടിൽ പിറന്നെത്ര മരിച്ചു പോയ്‌...
  നിനക്കായെഴുതിയ കവിതകളായിരം
  ചിതലരിച്ചെന്റെയുള്ളിൽ നശിച്ചു പോയ്‌..

  വീണ്ടുമൊരിക്കൽ കാണാമെന്നോതി
  ഞാനെന്റെ ഖൽബിനെ പറ്റിക്കയാണ്.
  എന്നാണെന്നറിയാതെ നാമിരുവരുമതിനായ്
  കാതിരിപ്പുണ്ടെന്നറിയുമെങ്കിലും.

  എവിടെയവസാനിപ്പിക്കണം എന്നറിയാതെ
  എന്റെ ഹൃദയം മിടിക്കയാണിപ്പോഴും.
  നിന്നെക്കുറിച്ചെഴുതാനെടുത്ത പേപ്പറിൽ
  ഒന്നുമില്ല നീ തന്ന ഓർമകൾ ബാക്കിയാക്കിയ
  ഒരു തുള്ളി കണ്ണീരൊഴികെ...
  ഓ ജുവൈരിയാ....

  ......Criticism accepted...
  എങ്ങനെ നന്നായി എഴുതണമെന്ന് അറിയിച്ചാലും..

  Read More

  ©raziqu
  ഈണമില്ലാതെ വരികളെന്റെ
  ചുണ്ടിൽ പിറന്നെത്ര മരിച്ചു പോയ്‌...
  നിനക്കായെഴുതിയ കവിതകളായിരം
  ചിതലരിച്ചെന്റെയുള്ളിൽ നശിച്ചു പോയ്‌..

 • raziqu 97w

  ജുവൈരിയാ, എവിടെയാണു നീ....?
  ജാലകം തുറന്നിതാ ഞാൻ നിന്നെയോർക്കുന്നു.
  ഇനിയൊരു സംവത്സരമായുസില്ലെന്നറിയാം
  ഇനിയും തേടുവാനായൊരിടവുമില്ലെന്നറിയാം
  എന്റെ പിറകിൽ കേൾക്കാമെനിക്ക്
  എന്റെ അന്ത്യയാത്രാ തയ്യാറെടുപ്പിനെ.
  ഒന്നായിരുന്ന സമയത്തിലൊരിക്കലും
  ഒരു നോക്കു കൊണ്ടുപോലും നീ വേദനിപ്പിച്ചില്ല,
  മോഹമൊരായിരം ഞാൻ പങ്കുവച്ചിട്ടും
  മനസ്സുതുറന്നൊന്നും മൊഴിഞ്ഞില്ല നീ.
  എങ്കിലും ഞാനറിയുന്നു നീ തന്ന-
  തൊക്കെയും നിറമുള്ള ഓര്മകളെന്ന്.
  ജൂവരിയാ...
  മാപ്പു തരില്ലേ, നീയെനിക്ക് ഒന്നുമല്ലെന്നോതി
  മൂകനായന്നോടി മറഞ്ഞതിന്...?
  നീ തന്ന പൂക്കളത്രയും വാടിയെന്നോതി
  നിരാകാരം കൊണ്ടെന്റെ മൗഢ്യം കാണിച്ചതിന്‌.
  ഇന്നെന്റെ ഓർമകൾ നിന്നെ ചുറ്റി നടക്കുന്നു
  ഓ സഖീ എവിടെ നീ....?
  ഇന്നും ഞാൻ കാത്തിരിക്കുന്നു......
  ©raziqu

 • raziqu 98w

  For all women i know, and who knows me also..
  #womenempower #caring
  #juvairiya

  Read More

  ജുവൈരിയാ
  ആരാണ് നിന്റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞത്?
  അന്ധമായ മതത്തിന്റെ വേലിക്കെട്ടുകളോ?
  അതോ മൂഢമായ സദാചാര ചിന്തകളോ?

  മധുവൂറുന്ന നിന്റെ ചിരിയാരാണമർത്തിയത്?
  കടൽതിരകളെപ്പോലെ നിന്റെ സ്വപ്നങ്ങളുടെ
  കെട്ടഴിക്കുമ്പോൾ ഞാനത്ഭുതപ്പെടാറുണ്ട്.
  എത്രയെത്ര സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് നിനക്ക്...
  എനിക്കറിയാത്ത എത്രയെത്ര ലോകം നിനക്കുള്ളിൽ...

  ആരാണ് നിന്റെ കാലുകൾക്ക് ചങ്ങലയിട്ടത്?
  യാത്രകൾ കൊതിച്ചവളല്ലേ നീ...
  പവിഴപ്പുറ്റുകളിലേക്ക്, മഞ്ഞു പെയ്യുന്ന താഴ് വാരങ്ങളിലേക്ക്,
  പൂന്തോട്ടങ്ങളിലേക്ക്, മലമുകളിലേക്ക്,
  പഴയ സ്കൂളിലേക്ക്, ഉറുമ്പുകളുടെ ലോകത്തേക്ക്.
  നിന്റെ യാത്രമോഹങ്ങളെന്നാണ് മരിച്ചത്?
  അവയെല്ലാമാർക്കുവേണ്ടിയാണ് നീ ബലികഴിച്ചത്?
  നിന്റെ യാത്രകൾക്കാരാണ് നിയന്ത്രണമിട്ടത്?

  ആരാണ് നിന്റെ മൊഴികൾക്ക് പരിധി നിശ്ചയിച്ചത്?
  സരസമായൊരുപാട് സംസാരിച്ചവളല്ലേ നീ.
  നീ പറയാറില്ലേ...
  പറവകളെക്കുറിച്ച്,മത്സ്യങ്ങളെക്കുറിച്,
  പാവങ്ങളെക്കുറിച്, പട്ടിണിയെക്കുറിച്,
  ദൈവത്തെക്കുറിച്,പ്രേമത്തെക്കുറിച്,
  എന്നു മുതലാണ് നീ മൗനിയായത്?
  നിന്റെ മൊഴികൾക്കാരാണ് പരിധിയിട്ടത്?

  ജുവൈരിയാ...
  കുന്നുകൾക്കപ്പുറം ഒരു രാജ്യമുണ്ട്.
  സുന്ദരന്മാരും സുന്ദരികളുമുള്ള രാജ്യം.
  സ്നേഹവും സൗഹൃദവുമുള്ള രാജ്യം.
  ആരും ആരുടെയും നിയന്ത്രണത്തിലല്ലാത്തത്.
  മകളും ഭാര്യയും എല്ലാം സ്വാതന്ത്ര്യ.

  ജുവൈരിയാ...
  അറിയണം, നീ യതവിടെയൊരു മതമില്ല,
  സദാചാര ഗുണ്ടകളില്ല,
  അപൂർണ്ണ ബുദ്ധിവളർച്ചയില്ല,
  സ്വാർത്ഥ ചിന്തകളുമില്ല.
  അവിടെ നീ സ്വതന്ത്ര.
  സർവം സമത്വം സുന്ദരം.
  ജുവൈരിയാ...
  നീയവിടെ സർവസ്വതന്ത്ര.
  ©raziqu

 • raziqu 106w

  ഓ ജുവൈരിയാ
  ഇനിയെത്ര രാവുകൾ ഞാനീ നോവ്‌ താണ്ടണം
  എന്റെ മിഴികളിൽ എത്ര നനവ് പടരണം
  ഓരോ സന്ധ്യ മയങ്ങുമ്പോഴും
  നിന്റെ ഓർമകൾ കൊണ്ടു ഞാൻ വീർപ്പുമുട്ടുന്നു
  എനിക്കു നീ തന്നതൊക്കെയും
  നല്ല ഓർമ്മകൾ മാത്രം
  ഇനിയും നോവ്‌തീണ്ടിയൊരായിരം
  കാലം ഞാൻ കാത്തിരിക്കാം
  നിന്റെ മൊഴികളെന്നോട് ചേരുവാൻ
  നിന്റെ പാദങ്ങളോട് ചേർന്നു നടക്കാൻ
  ഒടുവിലൊരു നിദ്രയ്ക്കു
  കണ്ണടച്ചു ഞാൻ അരങ്ങൊഴിയും വരേയും
  അതു വരെ ഇനിയും ഞാൻ നിന്റെ
  സൗന്ദര്യം വാഴ്ത്തട്ടെ
  നിനക്കായെന്റെ പേന ചലിക്കട്ടെ
  എനിക്കു നീ തന്നതൊക്കെയും
  നല്ല ഓർമ്മകൾ മാത്രം
  അതു മാത്രമാണെന്റെ സമ്പാദ്യം..
  ©raziq1

 • raziqu 111w

  ഓ ജുവൈരിയാ
  ഇനിയെത്ര രാവുകൾ ഞാനീ നോവ്‌ താണ്ടണം
  എന്റെ മിഴികളിൽ എത്ര നനവ് പടരണം
  ഓരോ സന്ധ്യ മയങ്ങുമ്പോഴും
  നിന്റെ ഓർമകൾ കൊണ്ടു ഞാൻ വീർപ്പുമുട്ടുന്നു
  എനിക്കു നീ തന്നതൊക്കെയും
  നല്ല ഓർമ്മകൾ മാത്രം
  ഇരിയും നോവ്‌തീണ്ടിയൊരായിരം
  കാലം ഞാൻ കാത്തിരിക്കാം
  നിന്റെ മൊഴികളെന്നോട് ചേരുവാൻ
  നിന്റെ പാദങ്ങളോട് ചേർന്നു നടക്കാൻ
  ഒടുവിലൊരു നിദ്രയ്ക്കു
  കണ്ണടച്ചു ഞാൻ അരങ്ങൊഴിയും വരേയും