buddha_blues

Chhas wadaan tsoore tsoore.. insta: @jaan_e_khuda

Grid View
List View
Reposts
 • buddha_blues 5w

  രണ്ടറ്റങ്ങളിലെ നഗരങ്ങളിൽ രാപ്പാർക്കുന്ന ഒരു പ്രണയത്തെ 
  പകുത്തു നോവുന്ന, നീറുന്ന നാം..

  ക്ഷോഭിച്ച ഒരു കടലായും,
  വീശിയടിക്കുന്ന ഒരു കാറ്റായും കാണപ്പെടും.


  ശരീരഭൂപടങ്ങളിൽ പരസ്പരം തണുപ്പാറ്റിയും ചൂടേറ്റിയും
  തീർത്ത ഇടങ്ങൾ ദ്വീപായും,
  വൻകരയായും രൂപപ്പെടും.


  നാം പങ്കുവെച്ച ഗീതം,
  വേദനയുടെ നേർത്ത പുല്ലാങ്കുഴൽ നാദം.

  രാവിന്റെയാഴത്തു വെച്ചു നീ എന്നെ കാത്തും, ഞാൻ നിന്നെ ഓർത്തും പേരുചൊല്ലി വിളിച്ചവയാണ്.


  ഞാൻ നിന്നെ കാണുന്ന അനുനിമിഷം..
  നിന്റെ മാറിന്റെ ഭൂമിക്കുള്ളിൽ
  ഞാൻ,
  അത്രെയും ആഴത്തിൽ അലയടിക്കുന്ന ഒരു നീലക്കടലായി പരിണമിക്കും.


  ©buddha_blues

 • buddha_blues 6w

  ഒരാള്.
  @writersnetwork

  Read More

  ഒരാളിലേക്കുള്ള യാത്ര,
  ഒരാളടുക്കെ എത്തുവാനുള്ള യാത്ര,
  അത്രെയും മുഷിപ്പ് നിറഞ്ഞതും ദീർഘവുമാണ്.

  സമയസൂചികൾ മുള്ളുകളെ പോലെ നിങ്ങളുടെ കാത്തിരിപ്പിനെ പോറി നീറ്റും..
  ദൂരങ്ങളെ വെറുത്തു
  "ഇനിയുമെന്താ എത്താത്തേന്ന്" പിറുപിറുത്തു
  ആ യാത്ര നിങ്ങളുടെ ഉള്ളിന്റെ ഞരമ്പുകളെ കടച്ചു തളർത്തും..

  നിങ്ങളുടെ നിറമുള്ള ചെരുപ്പുകൾ, അവയുടെ അങ്ങേയറ്റത്തെ കാൽവിരൽതുമ്പുകൾ,
  മരുഭൂമിയിലെ ഒട്ടകങ്ങളെ പോലെ വെയില് പൊള്ളി മണ്ണുംപറ്റി ക്ഷീണം പിടിച്ചിരിക്കും.

  എന്നിരുന്നാലും..
  എത്രെ നിങ്ങൾ കാത്തിരുന്നു വെറുത്തു പോയിരുന്നാലും..
  നഗരത്തിനും ആൾക്കൂട്ടത്തിനും ഇടയ്ക്കുവെച്ചു
  നിങ്ങളാ ഒരാളെ കണ്ടെത്തുമ്പോൾ
  ഇത്രെയും നടന്നു തീർത്ത മരുഭൂമി മലർമെത്തയായും
  വെയില് പെയ്യിച്ച വിയർപ്പ് മഴത്തുണ്ടായും നിങ്ങൾക്ക് തോന്നും.

  നിങ്ങളുടെ സ്വർഗം..
  വസന്തം..
  അഭയം..
  ഉള്ളിന്റെ വീട്
  ആ ഒരാളിലേക്ക് മാത്രമായി..
  ആ ഒരാളിലേക്ക് മാത്രമായി..
  ചുരുങ്ങും.


  ©buddha_blues

 • buddha_blues 7w

  രാവിന്റെ അറ്റത്തു കാത്തിരിക്കുന്നവൾക്ക്..

  എന്റെ വീടാണ് നീ..
  ഓരോ യാത്രയിലും തിരികെ ചെല്ലാൻ കൊളുത്തിവലിക്കുന്ന
  എനിക്കേറ്റം പ്രിയപ്പെട്ട വീട്.

  നിന്റെ കറുത്ത തൊലിച്ചൂരുകൾ മണത്തു
  നിന്റെ വിരലുകളിൽ പ്രാപിക്കുന്ന പ്രാവുകൾ എന്ന പോലെ കൈകൾ കോർത്ത്..
  നിന്റെ കാക്കപുള്ളികളിലെല്ലാം കണ്ണുകളെ അയച്ചു..
  ചുംബിക്കുവാൻ കൊതിച്ചു പോകുന്ന..
  നിന്നിലേക്ക് എന്നും വീണ്ടും വീണ്ടും
  ഓടിയെത്തി പുണരുവാനുള്ള മടക്കയാത്രകളെ
  കാത്തിരിക്കുന്നവനാണ് ഞാൻ.

  നീയാവുന്ന എന്റെ വീട്ടിലേക്ക് കേറി ചെന്ന്
  നിന്റെ ഉയിരിന്റെ കോലായയിൽ
  എനിക്ക് കിടക്കണം..
  ഒരു ഗസൽ കേട്ട്..
  നിന്നെ അത്രെയും പ്രേമിച്ച് പ്രേമിച്ചങ്ങനെ..


  ©buddha_blues

 • buddha_blues 13w

  ചിതറിയ കണ്ടുമുട്ടലുകൾ അല്ലാതെ
  ഇത് വരെ നേരിട്ട് കാണാത്ത ഒരാളെ,
  5 മിനിറ്റ് പോലും തികച്ചു സംസാരിക്കുവാൻ കഴിയാതിരുന്ന ഒരാളെ,
  നിങ്ങളെങ്ങനെയാണ് ഓർത്തെടുക്കുന്നത്..?

  "Agar tum saath ho" മൂളി നിശബ്ദതയിൽ ഒരു നഷ്ടബോധത്തെ വരച്ചെടുക്കുന്നത്...?

  അത് പരസ്പരം പങ്കുവെച്ച വരികളിലൂടെ ആയിരിക്കണം..
  വയ്യെന്ന് പറയുമ്പഴെല്ലാം കൂടെയുണ്ടെന്ന കൂട്ടുവാക്കുകൾ കൊണ്ടായിരിക്കണം..

  ചെറു തർക്കങ്ങൾക്കിടയിലും ഇറങ്ങി പോയി പിന്നീട് ഒന്നും പറയാതെ കുറച്ചു കഴിഞ്ഞു തുറന്നിട്ട വാതിലും കടന്നു വന്ന് "എനിക്കൊന്നും പോവാൻ മേലാ.. "
  എന്നു പറഞ്ഞു ഉള്ളിന്റെ കോലായിലെ ചമ്രം പടിഞ്ഞുള്ള ഇരിപ്പിലായിരിക്കണം.

  പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയത്തിനും വാക്കുകൾക്ക് അപ്പുറത്തെ സ്നേഹത്തിനുമിടയിൽ പിടയാതെ പിടഞ്ഞു തരുന്ന ചുംബനങ്ങൾക്കും, കെട്ടിപിടിത്തതിനും,
  പുലർച്ചെ സ്കൂളിലേക്ക് ഉള്ള നടത്തതിനും തിരിച്ചുള്ള വരവിനും കൂട്ടായുള്ള മുല്ലപ്പൂ ചൂടിയ ഒരുത്തി വരാൻ,
  രാവിലെ കാത്തിരിക്കുന്ന
  ആ സ്‌കൂൾ കുട്ടി പോലെ..

  ഫോണിലേക്ക് എത്തുന്ന അയാളുടെ/ അവളുടെ പേരുള്ള സന്ദേശങ്ങൾക്കും വിറയലുകൾക്കും ഇടയിലെ സമയസൂചി മുള്ളുകൾക്കിടയിൽ പോറിയുള്ള കാത്തിരിപ്പിലായിരിക്കണം..
  നിങ്ങൾ മെല്ലെ ഓർത്തെടുക്കുന്നത്,
  നിങ്ങൾ അത്രെയും സ്നേഹിക്കുന്നത്..


  ©buddha_blues

 • buddha_blues 13w

  Come and hug me..
  Like sea does to the shore,
  Like wind does to the leaves.

  Hug me much
  Like I feel your heartbeat
  Like I feel you.

  Hug me and tell me
  Let your sorrow sinks in me,
  Iam there for you like how a sea is, for a fish..
  How a sky is, for a bird.

  ©buddha_blues

 • buddha_blues 14w

  നീലിച്ച കോലായയുടെ ഒരറ്റത്ത്
  ഒരു റേഡിയോ ഉണ്ടാവും..
  നീ മുടിയില് കോർക്കാൻ എടുത്തുവെച്ച മുല്ലമൊട്ടുകൾ കിടക്കുന്ന മേശയുടെ
  ഒരു വശത്തായിട്ട്..

  അത് ഇളയരാജയെ പാടുമ്പോൾ ജനാലയ്ക്കൽ കസേരയിൽ ചാരി
  പുറത്തേക്ക് കണ്ണും നട്ടിരുന്ന്
  നീയും കൂടെ മൂളും..

  രാവുകളുടെ അറ്റത്തു ഉറങ്ങാതെയിരുന്നു
  നാം നോവുകളെ പങ്കുവെക്കും..
  നീയെന്റെ കഴുത്തെല്ലിലും,
  ഞാൻ നിന്റെ നെഞ്ചിനും കഴുത്തിനുമിടയ്ക്ക് ചുംബിക്കും..
  അവിടെയാണ് നിന്റെ റൂഹുറങ്ങുന്നത്.

  എന്നെ നീ പുണരുമ്പോഴെല്ലാം
  ഞാനൊരു അസർമുല്ല മരമാവും...


  ©buddha_blues

 • buddha_blues 15w

  നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ പങ്കുവെക്കുമ്പോൾ പകുത്തു കൊടുക്കുന്നത് പല അറകളുള്ള
  നിങ്ങളുടെ ഹൃദയത്തെയാണ്.

  ഈ തമിഴ് പാട്ടിന് എന്റെ വേദനയുടെ ഉപ്പ് പിടിച്ചിരിക്കുന്നു,
  ഞാൻ ഇന്നലെ രാത്രി പങ്കുവെച്ച പാട്ട് എന്റെ വിഷാദരാവിന്റെ പുതപ്പ്.
  ഉള്ളുനിറഞ്ഞു നിൽക്കുന്നെന്റെ നീയെന്ന കാഴ്ചയെ പറ്റിയാണ് ആശ ഭോസ്ലെ നിശബ്ദതയിൽ പാടുന്നത്.

  എന്റെ ഹൃദയത്തിനും ഞാൻ പങ്കുവെച്ച പാട്ടിനും എന്റെ മുറിജനാലപുറത്തുള്ള മുല്ലപ്പൂക്കൾക്കും ഒരേ ഗന്ധമാണ്.

  ©buddha_blues

 • buddha_blues 16w

  നീ..
  ഇനി കൂടെയില്ലെന്നാലും
  ഞാൻ നിന്നെ കണ്ടെത്തും.

  നിന്നെ പാടുന്നതും,
  നീ പാടിയതുമായ ഗീതങ്ങളിലും
  നാം പങ്കിട്ടു മൂളിയ വരികളിലും
  ഈ ഗാനം ഞാനാണെന്നു പറഞ്ഞു ഓർമിപ്പിച്ച,
  കേൾപ്പിച്ച നിന്നെ ഞാൻ ഓർത്തെടുക്കും.

  ഇന്നലെ നിറഞ്ഞിരുന്ന
  എന്നാലിന്നൊഴിഞ്ഞ നിന്റെ ചായ കോപ്പ,

  ഇന്നലെ നീയിരുന്ന നേരത്തിന്റെ ശൂന്യതയിൽ ഭൂമിയിലുറച്ചു പോയ എന്റെയെതിർവശത്തുള്ള മരകസേര,

  ചുളിവുകളുള്ള,
  നിന്റെ മുടിയിഴകൾ ഇപ്പോഴും പാറി കിടക്കുന്ന പഞ്ഞിക്കിടക്ക,

  രാത്രിയുടെ പകുതിക്ക് നിന്നെ കാണാതാവുമ്പോൾ
  സിഗരറ്റു വലിച്ച്..
  ചെറുതായി പുഞ്ചിരിച്ചു..
  "ഉറക്കം വരണില്ലെടാ.." എന്ന് പറഞ്ഞു.. നീയിരിക്കുമായിരുന്ന ടെറസിലേക്കുള്ള ആ കോവണിപ്പടി,
  അതിന്റെ ഒരറ്റത്ത് നീ നനച്ചു വളർത്തിയ ചെറിയ വയലറ്റ് പൂച്ചെടി,

  "എല്ലാരും ഹറാമെന്നു പറഞ്ഞ ഇവന് നിന്റെ നോവലിലെ കാമുകന്റെ പേരിടാം"
  എന്നു നീ പറഞ്ഞു വളർത്തിയ,
  നീയവന് കൂട്ടിരിക്കുമായിരുന്ന നമ്മുടെ മുറിയിലെ ജനാലയ്ക്കൽ നിന്നെ കാക്കുന്ന,
  നമ്മുടെ ഹൈദർ.

  ഈയിടങ്ങളിലെല്ലാം നിന്നെ ഞാൻ കടൽനീലയെന്ന പോലെ,
  രാകറുപ്പെന്ന പോലെ കണ്ടെത്തും.


  ©buddha_blues

 • buddha_blues 16w

  പ്രിയപ്പെട്ട ഹൈദറിന്,
  ഞാൻ ഇതുവരെയ്ക്കും ജമ്മുവിലേക്ക് പോയിട്ടില്ല ഹൈദർ..
  എന്നാലും നിന്റെ കത്തുകളിൽ, നിന്റെ വാക്കുകളിൽ,
  ഞാൻ അവിടം നിന്റെ കൂടെ യാത്ര ചെയ്യുന്നു.
  ഞാൻ ഇതു വരേയ്ക്കും ദാൽ തടാകം കണ്ടിട്ടില്ല ഹൈദർ..
  എന്നാലും ദാലിലെ മഞ്ഞിൽ, ശിക്കാരയിൽ, നീ തടാകം കടന്നപ്പോൾ സരോദിന്റെ ഈണത്തിന്റെ കൂടെ കേട്ട ഹബ്ബ ഖത്തൂന്റെ കവിത ഞാനും കേൾക്കുന്നു.

  "അവനെ എന്റെ സുഗന്ധമേറും ചുംബനങ്ങളാൽ മൂടുക,
  പ്രണയം അത് നിനക്കുള്ളതാണ്.
  പരമാനന്ദത്തിൽ ലയിച്ച എന്റെ ഹൃദയത്തിന്റെ താമരപൂക്കൾ ഈ തടാകം മുഴുവനും നിറഞ്ഞു നിൽക്കും."

  :സാറ  ©buddha_blues

 • buddha_blues 19w

  ഉരുണ്ട ഭൂമിയല്ലേ.. കണ്ടുമുട്ടാം എന്നു വേർപിരിയുമ്പോ പറയുന്നത് വെറുതെയാ.. നമ്മൾ രണ്ടും ഒരിക്കലും കൂടിചേരാത്ത രണ്ടു ദിക്കിൽ പോയി പെടും.
  എന്റെ വഴി നിന്നിലേക്കോ നിന്റെ വഴി എന്നിലേക്കോ എത്തുകയില്ല..


  ©buddha_blues