akashamittayi

Human to the world-Doctor to my patients- daughter to my home - partner to my bestfriend here prescribe science feminism & literature

Grid View
List View
Reposts
 • akashamittayi 25w

  ട്രീറ്റ്

  റസ്റ്റോറൻ്റിൽ കേറി തലങ്ങും വിലങ്ങും ഫോട്ടോ എടുത്തു ബഹളം വയ്ക്കുന്ന കൂട്ടങ്ങളെ പലപ്പോഴും ഇടം കണ്ണിട്ടു നോക്കുന്നവരെ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചിത്തിരി പ്രായമായവർ.
  അവർക്കറിയില്ലല്ലോ, പിന്നീടൊറ്റയ്ക്കാവുമ്പോൾ ചിരിച്ചു കൂട്ടിയ കഥകളും രസിച്ചിറക്കിയ രുചികളും സ്ക്രോൾ ചെയ്ത് മനസിനെ നിറങ്ങളുടെ കഥ പറഞ്ഞുറക്കാനാണെന്ന്.
  ©akashamittayi

 • akashamittayi 26w

  ആർത്തവ വയറുവേദന

  ആർത്തവ ദിവസത്തിനു മുൻപോ ആർത്തവം തുടങ്ങിയ ശേഷമോ വരുന്ന വയറുവേദനയാണ് - dysmenorrhoea
  ഇത് തികച്ചും സ്വാഭാവികമാണ്. വേദനയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം.
  സാധാരണയായി ആർത്തവം തുടങ്ങുന്ന ദിവസം വേദന വരുന്നയാൾക്ക് , ആർത്തവാരംഭത്തിൽ തന്നെ വേദന സംഹാരി ഗുളിക കഴിക്കാവുന്നതാണ്.കൂടാതെ ചൂടുവെള്ളം നിറച്ച ഹോട്ട് ബാഗ് ഉപയോഗം ,അടിവയറ്റിൽ മസാജ് എന്നിവയും ശീലിക്കുന്നത് ഉപകാരപ്രദമാണ്. നിത്യജീവിതത്തേപ്പോലും സാരമായി ബാധിക്കുന്ന ഈ അവസ്ഥയിൽ ഗുളിക കഴിയ്ക്കുക എന്നത് തികച്ചും അവശ്യവും സ്വാഭാവികവുമാണ്. വേദന സംഹാരി ഉപയോഗിക്കുന്നതിനാൽ മറ്റു ആർത്തവ ക്രമക്കേടുകളോ ഗർഭിണിയാവാനുള്ള ശേഷി നഷ്ടപ്പെടുകയോ ചെയ്യുന്നില്ല. വേദനസംഹാരി കഴിച്ചതിനു ശേഷവും വേദന ശമിക്കുന്നില്ലെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
  ©akashamittayi

 • akashamittayi 28w

  -കഥ പിറക്കുന്നിടം -


  മനസ്സു നിറയ്ക്കാനൊരു യാത്ര പോണം ഞാനും നീയും ബാക്ക് പാക്ക് നിറയേ കുറേ പുസ്തകങ്ങളും.
  ഇടയ്ക്ക് മടുക്കുമ്പൊളൊരീസം നാട്ടിലേക്ക് പോണം മുറീലടച്ചിരുന്ന് കുറേ ഓർമകള് ശ്വസിച്ച്കത്താക്കണം.
  ഒറ്റയ്ക്കാണെന്ന് തോന്നുമ്പൊ മിഠായിത്തെരുവിലേക്കിറങ്ങണം ബഹളത്തിൽ മുങ്ങിപ്പിന്നെയോടിത്തിരിച്ചിവിടം വരണം.
  സമയം കിട്ടുമ്പൊളിതൊക്കെ മഷി നിറച്ചെഴുതിത്തീർക്കണം.കഥകളുണ്ടാവാനിനീം കാത്തിരിക്കണം.
  ©akashamittayi

 • akashamittayi 28w

  തിമിരം

  ഭീമാകാരമായ ഒന്ന് വഴിതെറ്റി അകലേന്ന് വരുന്നുണ്ട്. അനുരാധ കണ്ണടയെടുത്ത് തുടച്ചൊന്നൂടെ നോക്കി.പരിചയക്കാരാവാൻ വഴിയില്ല. ഇന്നലെ വരെ ഇങ്ങനൊന്നിനെ കണ്ടതായേ ഓർക്കുന്നില്ല. കാഴ്ചയും ഓർമയും ന്ന് വേണ്ട കഴിഞ്ഞ മാസം വാസു ഏട്ടനെ വിട്ട് മാറ്റിയെട്ത്ത കണ്ണടേം മങ്ങിയിരിക്കുന്നു. വാതിലിലാരും മുട്ട്ണതും കേട്ടില്ലല്ലോ... ഇനി തോന്നലാവുവോ.....? ആവോ?

  നീ എഴുത്ത് കഴിഞ്ഞില്ലേ വിലാസിനിയേ......?
  ഇല്ല രാത്രി ഊണു കഴിഞ്ഞിത്തിരിയെഴുത്ത് പതിവുള്ളതാ. ഇല്ലേൽ കിടന്നാലും തലയ്ക്കൊരു കനം പോലെ തോന്നും. ഇറക്കേണ്ട ഭാരങ്ങളൊക്കെ എഴുതിക്കൂട്ടി മടക്കി വച്ചാ പിന്നെ നാളെ പ്രസാധകര് വിളിച്ച് ചോയ്ച്ചാ വല്ലതും പറയാ ഇല്ലെങ്കി പിന്നെ പകലു മുഴുവനും പേപ്പറും പേനയും പിടിച്ചിരിക്കേണ്ടി വരും. വിചാരിക്കുമ്പൊളൊക്കെ പേനത്തുമ്പിൽന്നിറങ്ങി പോകാൻ വല്ലതും തലേല്ണ്ടാവണ്ടേ. പഴേ പോലൊന്നും അല്ല. എൻ്റെ കഥകൾക്കും കഥാപാത്രങ്ങൾക്കുമൊക്കെ പഴക്കം വന്നു. എന്നെപ്പോലെ ഇവിടുത്തുകാർക്കും ഇപ്പൊ തിമിരം ബാധിച്ചൂന്നാ തോന്നണേ. സന്തോഷം മാത്രമെഴ്തി വയ്ക്കണംന്നുണ്ട് പക്ഷെ മനസ്സും ശരീരവും ഒരുമിച്ച് നിനക്ക് പ്രായായ്രിക്ക്ണൂന്ന് ഓർമ്മിപ്പിക്കുമ്പൊ ഞാനിവരേം എൻ്റെ കൂടെ വലിച്ച് കൊണ്ടുവരും. 'അനുരാധ' യുടെ കൈവിരലുകൾക്ക് ആർത്രെറ്റിസ് വന്നൂന്ന് എഴുതി കണ്ടപ്പൊ വായനക്കാര്
  കത്തെഴ്തി ചോയ്ച്ചൂത്രേ എഴുതിയെഴുതി കൈ തേഞ്ഞതാണോന്ന്.ഹഹ്... അവർക്കെന്നെ നന്നായി മനസ്സിലാവുന്നുണ്ട് . കഥയ്ക്ക് പിന്നിലിരുന്ന് കഥാകാരി സ്വന്തം കഥ പറയാണെന്ന്. ഒരു നേരം പോക്ക്.ഒരു രസം.
  ©akashamittayi

 • akashamittayi 28w

  വിലാസിനി

  ഇറയത്തിറങ്ങി കരഞ്ഞു തീർക്കാൻ മഴയ്ക്കൊപ്പം മനസ്സും മത്സരിച്ച കാലം ഇപ്പൊളോർക്കുമ്പോ.......
  എഴുതിത്തീരാത്ത ചെറുകഥയുടെ വാതിൽ ചാരി വച്ച് വിലാസിനി കസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ എഴുതിയെഴുതിത്തീർക്കുന്ന കഥയുരസിയുണ്ടാകുന്ന മുറിപ്പാട് വീണ്ടുമൊരോർമപ്പെടുത്തലാവാം കടന്നു വന്ന വഴികളിലെ കടമ്പകളെ ഒന്നൂടി തലോടിപ്പോകാനുള്ള ഉപാധി. എന്തിന്?!
  കനം വച്ച മനസ്സുമായി കരഞ്ഞു തീർത്ത മഴക്കാലങ്ങൾ. വിറകു കൊള്ളി കത്തിച്ചെരിച്ചാലും മരവിപ്പു മാറാത്ത തണുത്ത കാലം. ഉറഞ്ഞു പോയ കൈയ്ക്കും ബോധത്തിനും മനസ്സിനും ഒരു ചായക്കപ്പിൽ ചൂടുമായിട്ടവൻ വന്നത്.....
  പാതി മുറിഞ്ഞ ഉടലിനെ, ആത്മാവിനെ, എൻ്റെയെഴുത്തിനെ കൂട്ടി വെച്ചൊടുക്കം കന്നിമഴ പെയ്യുന്നൊരു രാത്രിയിലീ ഹൃദയമുടച്ചു കടന്നു കളഞ്ഞത്.
  അൻപതിൻ്റെ ചാപല്യങ്ങളിതാവും അടച്ചിട്ട വാതിലിൻ്റെ താഴു തകർത്തകത്ത് കേറി മാറാല വിരിപ്പിൽ കുടുങ്ങിക്കിടക്കുക.... മുന്നോട്ടാഞ്ഞാലും പിന്നിലേക്കുള്ള വലിയിലാ ആഴത്തിലേക്ക് നിലംപൊത്തുക.
  പേനത്തുമ്പിനു കടിഞ്ഞാണിട്ടിലെങ്കി വീണ്ടുമത് കൂട്ടിക്കൊണ്ട് പോകും ഏതെങ്കിലും ട്രെയിനിലോ ബസിലോ കേറ്റി ഒഴിഞ്ഞ തറവാട്ടു മുറിയിലോ കുളത്തിലോ പേരാലിൻ്റെ ചോട്ടിലോ ഒക്കെ. വീണ്ടും പണിപ്പെട്ട് കേറിയിവിടം വരെ വരാൻ ഇനിയുമൊരർഥായുസ്സുണ്ടാവില്ല. വേണ്ട!
  നൊസ്സ് പിടിച്ച പെണ്ണെഴുതിയെഴുതി ഭ്രാന്തിയായ കഥ ഒരിക്കൽ പാടി നടന്നതാണ് മനുഷ്യൻമാര്. ഇനീം കിറുക്കെഴുതി വയ്ക്കാൻ നിന്നാൽ വാരികക്കാരു മുടക്കു പറയും ശംഭുവെന്നെ കൊണ്ടെവിടേലും കളയേം ചെയ്യും.
  പറഞ്ഞു തീർക്കാൻ പറ്റാതെ എഴുതിയൊഴുക്കാൻ പറ്റാതെ കൂട്ടി വച്ചതൊക്കെ ഈ മഴ തീരും മുൻപേ ഇറങ്ങിച്ചെന്നൊരിക്കൽ കൂടിയാവോളം നിന്ന് പെയ്ത് തോരാം......
  ©akashamittayi

 • akashamittayi 28w

  Word Prompt:

  Write a 6 word short write-up on Unique

  Read More

  She was unique as her poems

 • akashamittayi 28w

  ഇഷ്ടക്കേടുകൾ

  പെണ്ണിനെ റോസാപ്പൂവിനോടും പൂമ്പാറ്റയോടും ഇളം കാറ്റിനോടും താരതമ്യപ്പെടുത്തുന്നതെനിക്കിഷ്ടമില്ല. കൊടുങ്കാറ്റായ പെണ്ണിനെ വരച്ചിടാൻ കാണിക്കാത്ത താത്പര്യങ്ങളെനിക്കിഷ്ടമല്ല.
  കിടക്കയിലെന്നും പെണ്ണിൻ്റിടം പുരുഷനു കീഴിലെന്നു കളിയാക്കിച്ചിരിക്കുന്ന കഥപറച്ചിലുകളെനിക്കിഷ്ടമല്ല.
  ഉറക്കെ സംസാരിക്കുന്ന പെണ്ണിൻ്റെ വാക്കുകെട്ടി വയ്ക്കുന്ന രാഷ്ട്രീയമെനിക്കിഷ്ടമല്ല.
  ഇറങ്ങിപ്പോകാനനുവദിക്കാതെ പെണ്ണിനെ തിരിച്ചയക്കുന്ന ഇരുളിൻ്റെ സദാചാരമെനിയ്ക്കിഷ്ടമില്ല.
  ഋതുമതിയായ പെണ്ണിൻ്റെ നനഞ്ഞ തുണിയിലെ ചോര ചുമന്ന കുങ്കുമ ദളമായെഴുതിത്തീർക്കുന്ന ആങ്ങളമാരെയെനിക്കിഷ്ടമല്ല.
  പെണ്ണിനെയളക്കാൻ പൊന്നിട്ടു തൂക്കിയ കരാറുകാരുടെ താലിമാഹാത്മ്യമെനിയ്ക്കിഷ്ടമല്ല.
  പെണ്ണിനെ ആണാക്കിപ്പോറ്റിയതിൽ കേമം പറയുന്ന വിടുവായത്തമെനിക്കിഷ്ടമല്ല.
  ഇഷ്ടക്കേടൊരുപാടുള്ളതെഴുതി മുഴുമിപ്പിക്കാതെ പാതി മുറിഞ്ഞ പെണ്ണായിരിക്കാനെനിക്കിഷ്ടമല്ല.
  ©akashamittayi

 • akashamittayi 29w

  "സ്ത്രീയാണ് ധനം" എന്ന മോടി പിടിപ്പിച്ച വാക്കിനു പിന്നിൽ അഴിഞ്ഞാടുന്ന വെല്ലുവിളിയാണ് സ്ത്രീധനം
  ©akashamittayi

 • akashamittayi 29w

  3) Thrichomoniasis

  ട്രൈക്കോമൊണിയാസിസ്- trichomonas vaginalis എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന അണുബാധ മൂലം മഞ്ഞയോ - പച്ചയോ നിറത്തിൽ ഗർഭാശയമുഖത്ത് (cervix ) നിന്നും സ്രവം പുറത്തേക്ക് വരുന്നു. പരിശോധനയിൽ ചുവപ്പു നിറത്തിൽ ഗർഭാശയ മുഖം കാണപ്പെടുന്നു. മൂത്രമൊഴിക്കുമ്പോളോ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോളോ വേദന, വയറു വേദന, യോനീ ഭാഗത്ത് ചൊറിച്ചിൽ, ചുവപ്പു നിറം എന്നിവ കാണാം. ചിലപ്പോൾ ലക്ഷണങ്ങളൊന്നും തന്നെ കാണാതെയിരിക്കാം. അടിയന്തിര വൈദ്യ സഹായം ഉറപ്പു വരുത്തുക.
  ©akashamittayi

 • akashamittayi 29w

  2) bacterial vaginosis

  - ബാക്ടീരിയൽ വജൈനോസിസ്- ലാക്ടോബാസിലസ് എന്ന യോനീ ഭാഗത്ത് സാധാരണയായി കാണുന്ന ബാക്ടീരിയയുടെ അളവ് കുറയുകയും തന്മൂലം പി.എച്ച് വ്യതിയാനം ഉണ്ടാവുകയും മറ്റു ബാക്ടീരിയകളുടെ വളർച്ച കൂടുകയും ചെയ്യുമ്പോൾ തവിട്ടു നിറത്തിൽ മീൻ ദുർഗന്ധത്തോടു കൂടി ( fishy odour) യോനീ സ്രവം കാണപ്പെടുന്നു.ആർത്തവ സമയത്ത് ഇത് കൂടുതലായി കാണാം. അമിതമായ സോപ്പ്, ലോഷനുകൾ, സെക്സ് ടോയ്സ് എന്നിവയുടെ ഉപയോഗവും , കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും ഇതിനു കാരണമാവാം. ഇത്തരത്തിൽ യോനി സ്രവം കണ്ടാൽ വൈദ്യ സഹായം തേടാം.
  ©akashamittayi