_ottathuruth_

ഇടത്താവളം scribbling people and lives both inside and outside mind✨✨

Grid View
List View
Reposts
 • _ottathuruth_ 1w

  ...

  സ്നേഹവുമായി കയറിവന്ന ആ മനുഷ്യരെ അയാൾ കടലുകളെന്നെഴുതി.
  വേദനയിലും ചിരിയിലും ചിന്തയിലും
  ഒരുമിച്ചു കലർന്ന നേരങ്ങളിലെല്ലാം
  വീണ്ടും,വീണ്ടും അയാളവരെ അങ്ങനെ തന്നെയെഴുതി.
  പുഴകളായിരുന്ന അവർ പക്ഷേ
  പുതിയ കടവുകൾ തേടിയൊഴുകി.
  എഴുതിയതൊന്നും എളുപ്പം മായ്ക്കാനാകാതെ,
  വിശ്വാസങ്ങൾ മുറിപ്പെട്ട്
  അയാൾ മാത്രം ബാക്കിയായി!!!
  ©_ottathuruth_

 • _ottathuruth_ 3w

  കാലം

  നിങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരൊക്കെയും പിന്നെയോരോ കാലങ്ങളാകുന്നു.
  അവർക്ക് മുൻപ്,ഒപ്പം,ശേഷം എന്നിങ്ങനെ
  അപരിചിതം,പരിചിതം,മറവി എന്നിങ്ങനെ
  ഏതെല്ലാമോ നിർവ്വചനങ്ങളിൽ ആ കാലങ്ങളെ നിങ്ങൾ മുറിച്ചുനടുന്നു.
  അവരിൽ ചിലർ ഓർമ്മകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു,
  ഒരു വരമ്പു പോലും വെട്ടാനനുവദിക്കില്ലെന്ന് വാശി കാട്ടി
  നിങ്ങൾ കാത്തുവച്ച സ്നേഹത്തിന്റെ വിളവെല്ലാം കൊയ്തുകൊണ്ടുപോകുന്നു.
  ഒടുവിൽ.......
  അവർ കടന്നുപോയിട്ടും നിങ്ങളിൽ ബാക്കിയാകുന്ന കാലം ഏതെന്നോർത്ത്
  നിങ്ങൾ കുഴങ്ങുന്നു.
  അത് ശൂന്യതയുടെ കാലമാകുന്നു.
  അവരിറങ്ങിപ്പോയിടം
  അവരുടേതു മാത്രമാകുന്നു. അവരില്ലാത്തിടമത്രയും
  ശൂന്യതയുടെ ഇടമാകുന്നു....
  ശൂന്യതയുടെ ഇടം!!!
  ©_ottathuruth_

 • _ottathuruth_ 10w

  മൗനം����

  Read More

  മൗനം

  പരിചിതരായ രണ്ടു മനുഷ്യർക്കിടയിലെ മൗനം......
  ക്രൂരനായ ഒരു നുഴഞ്ഞുകയറ്റക്കാരനാണെന്ന്
  നിങ്ങളോട് ആരാണ് പറഞ്ഞത്??
  നിങ്ങൾ അംഗീകരിച്ചാലുമില്ലെങ്കിലും
  വ്യക്തമായ മുന്നറിയിപ്പുകളോടെ തന്നെയാണ് അത് കടന്നുവരുക.
  അവർക്കിടയിലെ മൗനം......
  അകാരണമോ അപ്രതീക്ഷിതമോ ആണെന്ന് എളുപ്പത്തിൽ മുദ്രകുത്താനാകുമോ??
  പറയാൻ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്ന തരത്തിലൊരു
  ശൂന്യത മനുഷ്യർക്കിടയിൽ ഉണ്ടാവുകയില്ലെന്നുണ്ടോ??
  മടുപ്പുകൊണ്ടല്ല, മനസ്സിലാക്കലുകളുടെ ദൈർഘ്യം വല്ലാതെയാകുന്നുവെന്ന് തോന്നുമ്പോൾ പിൻവാങ്ങാനനുവദിക്കുക.
  ചിന്തിച്ചു നോക്കൂ.....
  ഒരിക്കൽ വാചാലമായിരുന്ന
  രണ്ടു പരിചിതമനുഷ്യർക്ക്
  പരസ്പരം അനുവാദമില്ലാതെ എങ്ങനെയാണ്
  തങ്ങളുടെ മൗനത്തെയും അതേ തീവ്രതയോടെ താങ്ങിനിർത്താനാവുക!!
  ©_ottathuruth_

 • _ottathuruth_ 12w

  വെളിച്ചം

  ഒരിക്കൽ ഒരു നടത്തത്തിനിടയിലാണ് അയാളത് പറഞ്ഞത്.
  എവിടെയോ വായിച്ചതാണ്.
  "ഒരുപാടുകാലം അടച്ചിടപ്പെട്ട ഒരു മനുഷ്യന് ഏറ്റവും കൂടുതൽ പ്രതിപത്തി തോന്നുക
  സ്പർശത്തോടും വെളിച്ചത്തോടുമാണ്".
  അങ്ങനെയെങ്കിൽ അയാൾക്കത് സ്പർശമായിരിക്കുമെന്ന്
  ഞാനൂഹിച്ചു.
  ശരിയാകണമെന്നില്ല.
  എങ്കിലും.....എന്തോ കോർത്തുപിടിച്ച വിരലുകൾ അങ്ങനെ പറയുംപോലെ തോന്നി.
  ഞാൻ വെറുതേ ചിരിച്ചു.
  എനിക്ക്.......എനിക്കത് വെളിച്ചമാണ്.
  ഞാൻ പറഞ്ഞു.
  ആ വെളിച്ചമപ്പോൾ അയാൾ തന്നെയാണെന്ന്
  പറഞ്ഞതേയില്ല.
  ഇനി പറയുകയുമില്ല.
  അയാളിപ്പോഴില്ല.
  കടന്നുപോയിരിക്കുന്നു.
  വെളിച്ചം അണഞ്ഞു കഴിഞ്ഞിരിക്കുന്നു.
  ©_ottathuruth_

 • _ottathuruth_ 12w

  ഇടം

  വീടുകൾ പണിയുമ്പോഴാണ്
  നിങ്ങൾക്കതിൽ വെവ്വേറെ മുറികൾ വേണമെന്ന തോന്നലുണ്ടാവുക.
  ഓരോ മുറികൾക്കുമോരോ വാതിൽ,
  തഴുത്,താക്കോൽ.
  ഏറ്റവും ഉറപ്പുള്ള പൂട്ടും താക്കോലും മുൻവാതിലിന്.
  സങ്കല്പങ്ങളങ്ങനെ അറ്റമില്ലാതെ നീളും.
  കയറി വരുന്നവർക്കൊന്ന് ശ്വാസം വിടാൻ പോലും കഴിയാത്തത്ര കാറ്റുകടക്കാത്ത മുറികൾ നിങ്ങൾ പണിഞ്ഞേക്കും.
  എന്നാൽ ഇടങ്ങളുണ്ടാക്കുകയെന്നത്
  മറ്റൊന്നാണ്.
  വന്നുചേരുന്നവർക്കെല്ലാം ഒരിത്തിരിനേരമിരിക്കാൻ ഒരു ചില്ലയോ മരച്ചുവടോ ആകും പോലെയാണത്.
  അവിടെ കയറിവരവുകളോ
  ഇറങ്ങിപ്പോകലുകളോ ഇല്ല.
  കടന്നുപോകലുകളിലാണ് അടയാളങ്ങളുണ്ടാകുന്നത്.
  കടന്നുപോയവർ തിരികെ വരാം.
  വരാതിരിക്കാം.
  'ഇടം' ഓർമ്മിക്കപ്പെടാം
  ചിലപ്പോൾ മറവിയിൽ മുങ്ങിപ്പോയേക്കാം.
  പക്ഷേ ഇടമാവുകയെന്നത് മനോഹരമാണ്,
  അതുണ്ടാക്കുകയെന്നത് എളുപ്പമല്ലെങ്കിലും.
  എത്ര വലിയ അടച്ചുറപ്പുള്ള വീടുപണിഞ്ഞാലും അതിനുള്ളിൽ പ്രീയപ്പെട്ടൊരിടമില്ലാത്തതിനോളം
  വീർപ്പുമുട്ടിക്കുന്ന മറ്റെന്തുണ്ട്??
  ©_ottathuruth_

 • _ottathuruth_ 13w

  ഇന്നലെയാണ് ആ കടൽ ഞാൻ മണ്ണിട്ടുമൂടിയത്.
  രണ്ടു മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ!!
  ©_ottathuruth_

 • _ottathuruth_ 15w

  മടങ്ങുക

  ഒരു ചാറ്റൽമഴയോ
  പൂവോ,പുൽനാമ്പോ, തളിരോ
  പ്രതീക്ഷിച്ച് കയറിവരുന്ന
  മനുഷ്യരോടാണ്.
  നിങ്ങളറിയുക, ഇവിടെ
  പണ്ടേക്കുപണ്ടേ ഋതുക്കളവസാനിച്ചു കഴിഞ്ഞിരിക്കുന്നു.
  മൗനം കുടിച്ചുകുടിച്ച് മരിച്ചുപോയ
  വാക്കുകളുടെ ഒസ്യത്തുകൾ പോലും ചിതൽ തിന്നുതീർത്തിരിക്കുന്നു.
  ഒളിച്ചുകടത്തിയ വിലാപങ്ങളുടെ
  കടലിലേക്കാണ് നിങ്ങൾ
  തോണിയുമായി വരുന്നത്.
  വേണ്ട.ഇവിടം ഇങ്ങനെയൊക്കെയാണ്.
  നിങ്ങൾ തിരിച്ചുപോകുക.
  വീണ്ടും പറയട്ടെ,
  ഇത്....ഇത് നിങ്ങൾ പ്രതീക്ഷിക്കുന്നൊരിടമേയല്ല!!
  ©_ottathuruth_

 • _ottathuruth_ 15w

  കയറ്റം

  ഈ കയറ്റംകൂടി കഴിഞ്ഞാൽ പിന്നെ
  വഴികൾ രണ്ടാകുമല്ലോയെന്ന് ഞാൻ ഓർമ്മിപ്പിച്ചു.
  അപ്പോഴെല്ലാം കണ്ണുകളിൽ എന്നത്തേയും പോലെ കൗതുകം നിറച്ച്
  അയാൾ പൊട്ടിച്ചിരിച്ചു,
  പക്ഷേ.....ഒന്നും പറഞ്ഞില്ല.
  എനിക്കൊന്നും മനസ്സിലായതുമില്ല.
  ഓരോ ഒരുമിച്ചു നടത്തങ്ങളിലും അയാൾ മുറിവുകളുടെ കഥകളാണ് പറഞ്ഞത്.
  കൂട്ടിത്തുന്നാനോ,മരുന്നുപുരട്ടി സുഖപ്പെടുത്താനോ വശമില്ലെങ്കിലും
  ഓരോ കഥകളും ഹൃദയം തുറന്നു
  തന്നെ കേട്ടു.
  കിതപ്പുകൊണ്ട് നിന്നുപോയിടങ്ങളിലെല്ലാം
  അയാൾ വിരലുകൾ തന്നു.
  തണലു നഷ്ടപ്പെട്ട പച്ച മനുഷ്യരിലേയ്ക്ക്
  കുളിരു പോലെ പടരുന്നതെങ്ങനെയെന്ന് പഠിപ്പിച്ചു.
  എത്ര കാതം നടന്നുതീർത്തുവെന്ന് വശമില്ല.
  പക്ഷേ, കയറ്റം അവസാനിക്കുന്നതേയില്ല.
  അറിയില്ല. ഇനിയൊരിറക്കമുണ്ടാകുമോയെന്ന്.
  അത് കഴിഞ്ഞാൽ വഴികളുണ്ടാകുമോയെന്ന്!!
  ©_ottathuruth_

 • _ottathuruth_ 36w

  നഷ്ടപ്പെടൽ

  ആഹ്ലാദമോ ദുഖമോ അതിരുവിടുമ്പോൾ
  നിങ്ങൾ നിങ്ങളേയല്ലാതാകുന്ന നേരങ്ങളുണ്ട്.
  അങ്ങനെ ഏതൊക്കെയോ നിമിഷങ്ങളിൽ, നിങ്ങൾക്ക് യഥാർത്ഥ നിങ്ങളെ നഷ്ടപ്പെട്ടേക്കാം.
  കളഞ്ഞുപോയ നിങ്ങളെ
  കണ്ടെത്തേണ്ടതും,തിരികെ വിളിക്കേണ്ടതും
  നിങ്ങൾ തന്നെയാണ്.
  ©_ottathuruth_

 • _ottathuruth_ 40w

  #മഴ��️☔��

  Read More

  മഴ

  നിങ്ങളെത്ര ക്ഷണിച്ചാലും ഈ മഴ
  ഞാൻ നനയുകയേയില്ല.
  നനയാതിരിക്കുന്നതല്ലേ നല്ലതെന്ന്
  നിങ്ങളോട് പലവട്ടം ചോദിച്ചെന്നിരിക്കും.
  മറുപടി എന്തായിരിക്കുമെന്നറിഞ്ഞിട്ടും......
  വെറുതേ.
  കയ്യിൽ ഒരൊറ്റക്കുടയുമായി നിങ്ങൾ നനയുന്നതും നോക്കി ഈ വരാന്തയിൽ ഞാൻ നിന്നെന്നിരിക്കും.
  പക്ഷേ....നനയുന്ന നിങ്ങളിലേക്ക് അതുമായി ഒരിക്കൽപ്പോലും ഓടിക്കയറുകയില്ല.
  ഒടുവിൽ മഴ തോരാറാകുമ്പോൾ നിങ്ങളെന്നെ പാളിനോക്കുമ്പോഴേക്കും ഞാൻ ഇറങ്ങിനടന്നിരിക്കും.
  പനിപിടിച്ചെന്നു പറഞ്ഞ് എന്നെ തിരിച്ചുവിളിക്കരുത്.
  കാരണം, ഒരിക്കലെങ്കിലും തിരിച്ചുനടക്കേണ്ടിവന്നാൽ
  അതേ വരാന്തയിൽ ഞാനെന്റെ കുട മറന്നുവച്ചതും,
  മടക്കയാത്രയിലുടനീളം നിങ്ങൾ നനഞ്ഞ അതേ മഴ ഞാനും നനഞ്ഞതും
  ഒക്കെയും,ഒക്കെയും
  നിങ്ങൾ കണ്ടുപിടിക്കുമെന്ന്
  ഞാൻ ഭയപ്പെടുന്നു.
  ©_ottathuruth_